അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റിംനിഗിനിറങ്ങിയ ഇംഗ്ലണ്ട് പ്രതീക്ഷയിലായിരുന്നു. ഇന്ത്യന്‍ പേസര്‍മാരെ കരുതലോടെ നേരിട്ട ഡൊമനിക് സിബ്ലിയും സാക്ക് ക്രോളിയും പക്ഷെ ഏഴാം ഓവറില്‍ ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ അക്സര്‍ പട്ടേലിന് മുന്നില്‍ മുട്ടുമടക്കി.  
സിബ്ലിയെ ബൗള്‍ഡാക്കിയാണ് അക്സര്‍ തുടങ്ങിയത്. അതിനുശേഷം അക്സറിനെ ഫ്രണ്ട് ഫൂട്ടില്‍ ബൗണ്ടറി കടത്താനായി ചാടിയിറങ്ങിയ ക്രോളിക്കും പിഴച്ചു. മിഡ് ഓഫില്‍ സിറാജിന്‍റെ കൈകളില്‍ ക്രോളിയുടെ ഇന്നിംഗ്സ് അവസാനിച്ചു.

എന്നാല്‍ ഇതിന് തൊട്ടു മുമ്പ് ക്രീസില്‍ ക്രോളി അക്ഷമനാവുന്നത് ശ്രദ്ധിച്ച റിഷഭ് പന്ത് ഇക്കാര്യം ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. 'ചിലര്‍ക്ക് ദേഷ്യം വരുന്നുണ്ട്, ദേഷ്യം വരുന്നുണ്ട്' എന്നായിരുന്നു പന്ത് ഉറക്കെ വിളിച്ചു പറഞ്ഞത്.

പന്തിന്‍റെ പ്രകോപനത്തില്‍ വീണ ക്രോളി അക്സറിന്‍റെ അടുത്ത പന്ത് ബൗണ്ടറി കടത്താനായി ക്രീസ് വിട്ടിറങ്ങുകയും വിക്കറ്റ് കളഞ്ഞു കുളിക്കുകയും ചെയ്തു. ഒമ്പത് റണ്‍സായിരുന്നു ക്രോളിയുടെ നേട്ടം.