മത്സരത്തില്‍ രോഹിത് അസാധാരണമായൊരു ക്യാപ്റ്റന്‍സി വീഴ്‌ച വരുത്തി എന്നാണ് മുന്‍താരം ആകാശ് ചോപ്രയുടെ വിലയിരുത്തല്‍

ജയ്‌പൂര്‍: പൂര്‍ണസമയ ഇന്ത്യന്‍(Team India) നായകനായ ശേഷം രോഹിത് ശര്‍മ്മയുടെ(Rohit Sharma) ആദ്യ ടി20യായിരുന്നു ന്യൂസിലന്‍ഡിനെതിരെ ജയ്‌പൂരില്‍ നടന്നത്. മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ ജയവുമായി മുഴുവന്‍സമയ നായക അരങ്ങേറ്റം രോഹിത് ഉഷാറാക്കുകയും ചെയ്‌തു. എങ്കിലും മത്സരത്തില്‍ രോഹിത് അസാധാരണമായൊരു ക്യാപ്റ്റന്‍സി വീഴ്‌ച വരുത്തി എന്നാണ് മുന്‍താരം ആകാശ് ചോപ്രയുടെ(Aakash Chopra) വിലയിരുത്തല്‍. 

'ഒരു പേസ് ഓള്‍റൗണ്ടറെ ആവശ്യമുണ്ട് എന്നാണ് ഇന്ത്യന്‍ ടീം പറഞ്ഞിരുന്നത്. അതിനാല്‍ വെങ്കടേഷ് അയ്യരെ ആറാം നമ്പറില്‍ ഇറക്കി. എന്നാല്‍ അദേഹത്തിന് പന്തെറിയാന്‍ അവസരം നല്‍കിയില്ല. ഇത് രോഹിത് ശര്‍മ്മയുടെ ഭാഗത്തുനിന്നുണ്ടായ അസാധാരണ വീഴ്‌ചയാണ്. പൊതുവില്‍ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി മികച്ചതാണ്. എന്നാല്‍ വെങ്കടേഷിന് പന്ത് നല്‍കാതിരുന്ന തീരുമാനം എന്നെ ആശയക്കുഴപ്പത്തിലാക്കി' എന്നാണ് ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ അഭിപ്രായപ്പെട്ടത്. ദീപക് ചഹാറും മുഹമ്മദ് സിറാജും റണ്ണേറെ വഴങ്ങിയപ്പോഴെങ്കിലും അയ്യര്‍ക്ക് ഒന്നോ രണ്ടോ ഓവര്‍ നല്‍കാമായിരുന്നു എന്ന് ചോപ്ര കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ഐപിഎല്‍ സീസണിലെ കണ്ടെത്തലായ വെങ്കടേഷ് അയ്യരെ ആറാം നമ്പറില്‍ ടി20 അരങ്ങേറ്റത്തിന് ടീം ഇന്ത്യ അവസരം നല്‍കിയെങ്കിലും മുതലാക്കാനായില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സ് വേണ്ടപ്പോള്‍ ക്രീസിലെത്തിയ താരം ആദ്യ പന്തില്‍ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി നേടി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ സ്വീപ്പിനുള്ള ശ്രമിത്തിനിടെ പുറത്തായി. ബൗളിംഗിലാവട്ടെ അഞ്ച് താരങ്ങളുമായി 20 ഓവര്‍ നായകന്‍ രോഹിത് ശര്‍മ്മ പൂര്‍ത്തിയാക്കിയപ്പോള്‍ അയ്യര്‍ക്ക് അവസരം കിട്ടിയില്ല. 

രോഹിത്തിന് ജയത്തുടക്കം, ദ്രാവിഡിനും

ആദ്യ ടി 20യിൽ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് ടീം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. കിവീസിന്‍റെ 164 റൺസ് രണ്ട് പന്ത് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം മത്സരം വെള്ളിയാഴ്‌ച റാഞ്ചിയിൽ നടക്കും. രോഹിത് ശര്‍മ്മ ടി20യില്‍ പൂര്‍ണസമയ നായകനായത് മാത്രമല്ല, സീനിയര്‍ ടീമിന്‍റെ മുഴുവന്‍സമയ പരിശീലകനായി രാഹുല്‍ ദ്രാവിഡിന്‍റെ ആദ്യ മത്സരം കൂടിയായിരുന്നു ജയ്‌പൂരിലേത്. 

അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ്(40 പന്തില്‍ 62), നായകന്‍ രോഹിത് ശര്‍മ്മ(36 പന്തില്‍ 48) എന്നിവരുടെ ഇന്നിംഗ്‌സിനൊപ്പം റിഷഭ് പന്തിന്‍റെ ഫിനിഷിംഗാണ്(17 പന്തില്‍ 17*) ഇന്ത്യക്ക് ജയമൊരുക്കിയത്. കെ എല്‍ രാഹുല്‍ 15നും ശ്രേയസ് അയ്യര്‍ അഞ്ചിനും വെങ്കടേഷ് അയ്യര്‍ നാലിനും പുറത്തായി. 

ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റിന് 164 റണ്‍സെടുത്തു. 42 പന്തില്‍ 70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലും 50 പന്തില്‍ 63 റണ്‍സെടുത്ത ചാപ്‌മാനുമാണ് കിവികളെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും രവിചന്ദ്ര അശ്വിനും രണ്ട് വീതവും ദീപക് ചഹാറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും വീഴ്‌ത്തി. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം. 

Syed Mushtaq Ali T20 | കേരളത്തിന്‍റെ പ്രയാണത്തിന് അന്ത്യം; അഞ്ച് വിക്കറ്റ് ജയത്തോടെ തമിഴ്‌നാട് സെമിയില്‍