ഓക്‌ലന്‍ഡ്: ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പരമ്പര ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ടി20 ലോകകപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ ന്യൂസിലന്‍ഡില്‍ മികച്ച വിജയം ലക്ഷ്യമിട്ടാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ കോലിപ്പടയിറങ്ങുന്നത്. ടി20യില്‍ ന്യൂസിലന്‍ഡിനെതിരായ നാണംകെട്ട പ്രകടനത്തിന്‍റെ ചരിത്രം തിരുത്താന്‍ കൂടിയാണ് നീലപ്പടയുടെ ശ്രമം. ഓക്‌ലന്‍ഡില്‍ ആദ്യ ടി20ക്ക് മുന്‍പ് ആശ്വാസ വാര്‍ത്തയാണ് ടീം ഇന്ത്യക്ക് ലഭിക്കുന്നത്. 

ഓക്‌ലന്‍ഡിലെ കാലാവസ്ഥ ചതിക്കില്ല

ഇന്നത്തെ മത്സരത്തിന് മഴഭീഷണിയില്ല എന്നാണ് കാലാവസ്ഥാ പ്രവചനം. ഓക്‌ലന്‍ഡില്‍ രാവിലെ മുതല്‍ മങ്ങിയ കാലാവസ്ഥയ്‌ക്കും ചെറിയ ചാറ്റല്‍മഴയ്‌ക്കും സാധ്യതയുമുണ്ട് എന്ന് പ്രവചനമുണ്ടായിരുന്നു. വൈകിട്ട് പ്രാദേശിക സമയം 7.50 മുതല്‍ ഇതേ സ്ഥിതി തുടരുമെങ്കിലും കനത്ത മഴയ്‌ക്ക് ഒരു സാധ്യതയും ഇല്ലെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഓവര്‍ വെട്ടിച്ചുരുക്കേണ്ടിവന്നാലും മത്സരം നടക്കുമെന്നുറപ്പ്. 

മത്സരം 12.20 മുതല്‍; ലൈവായി കാണാം

സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് മത്സരം ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 HD എന്നീ ചാനലുകളില്‍ മത്സരം ഇംഗ്ലീഷ് കമന്‍ററില്‍ കാണാനാവും. ഓണ്‍ലൈനില്‍ ഹോട്ട്‌സ്റ്റാര്‍ വഴിയും മത്സരം തല്‍സമയം കാണാം. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഉച്ചക്ക് 12.20നാണ് മത്സരം ആരംഭിക്കുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(നായകന്‍), രോഹിത് ശര്‍മ്മ, സഞ്‌ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍.  

ന്യൂസിലന്‍ഡ് സ്‌ക്വാഡ് 

കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ഹാമിഷ് ബെന്നറ്റ്, ടോം ബ്രൂസ്, കോളിന്‍ ഡി ഗ്രാന്‍ഹോം, മാര്‍ട്ടിന്‍ ഗപ്ടില്‍, സ്കോട്ട് കുഗ്ലെജന്‍, ഡാരില്‍ മിച്ചല്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ബ്ലെയര്‍ ടിക്‌നര്‍, മിച്ചല്‍ സാന്റ്നര്‍, ടിം സീഫര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി.