അവസാന ദിവസം ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടത് 107 റണ്‍സും ഇന്ത്യക്ക് വേണ്ടത് 10 വിക്കറ്റുമാണ്.

ബെംഗളൂരു: ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആരാധകരെ കാത്തിരിക്കുന്നത് മഴയുടെ കളിയോ. അവസാന ദിവസം ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടത് 107 റണ്‍സും ഇന്ത്യക്ക് വേണ്ടത് 10 വിക്കറ്റുമാണ്. അവസാന ദിവസം സ്പിന്നിന് അനുകൂലമാകുമെന്ന് കരുതുന്ന പിച്ചില്‍ ഇന്ത്യയ്ക്കും നേരിയ വിജയപ്രതീക്ഷയുണ്ട്.

എന്നാല്‍ 10 വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലൻഡിനാണ് അവസാന ദിവസം മുന്‍തൂക്കം. ഈ സാഹചര്യത്തില്‍ അവസാന ദിവസം മഴ മൂലം കളി മുടങ്ങിയാല്‍ അത് കിവീസിനാവും വലിയ തിരിച്ചടിയാവുക.അതുകൊണ്ടുതന്നെ അവസാന ദിനത്തിലെ കാലാവസ്ഥ ഇരു ടീമുകള്‍ക്കും ഏറെ പ്രധാനമാണ്. അക്യുവെതറിന്‍റെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ബെംഗളൂരുവില്‍ ഞായറാഴ്ച മഴപെയ്യാനുള്ള സാധ്യത 80 ശതമാനമാണ്.മണിക്കൂറുകള്‍ തിരിച്ചുള്ള കാലാവസ്ഥപ്രവചനം കണക്കിലെടുത്താല്‍ രാവിലെ 9ന് 51 ശതമാനവും അടുത്ത രണ്ട് മണിക്കൂറില്‍ 47 ശതമാനവുമാണ് മഴ പെയ്യാനുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.

'ക്ഷമിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ',വീണ്ടും നിരാശപ്പെടുത്തിയ കെ എല്‍ രാഹുലിനെ പൊരിച്ച് ആരാധക‍ർ

ഉച്ചക്ക് ഒരു മണിയോടെ മഴ പെയ്യാനുള്ള സാധ്യത വീണ്ടും 49 ശതമാനമായി ഉയരും.രണ്ട് മണിയോടെ ഇത് 55 ശതമാനവുമെങ്കിലും മൂന്ന് മുതല്‍ നാലു വരെ മഴ പെയ്യാനുള്ള സാധ്യത 39 ശതമാനമായി കുറയും.നാലു മുതല്‍ അഞ്ച് വരെ മഴസാധ്യത 33 ശതമാനമായി കുറയുമെങ്കിലും അഞ്ച് മുതല്‍ ആറ് വരെ 39 ശതമാനമായി ഉയരുമെന്നാണ് അക്യുവെതറിന്‍റെ പ്രവചനം. മഴമൂലം ടെസ്റ്റിന്‍റെ ആദ്യ ദിനം പൂര്‍ണമായും നഷ്ടമായിരുന്നു.

മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും ആയിരുന്നിട്ടും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയും കിവീസ് പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടുകുത്തി 46 റണ്‍സിന് ഓള്‍ ഔട്ടാവുകയും ചെയ്തു. മഴ മാറി വെയില്‍ വന്നതോടെ ബാറ്റിംഗ് എളുപ്പമായ പിച്ചില്‍ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്സില്‍ 402 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 462 റണ്‍സെടുത്ത് പുറത്തായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക