ഓക്‌ലന്‍ഡ്: ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. ഓക്‌ലൻഡിൽ ഇന്ത്യൻ സമയം 12.20നാണ് കളിതുടങ്ങുക. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ജയിച്ച ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും ഇറങ്ങുന്നത്. പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് പകരം മലയാളിതാരം സഞ്ജു സാംസണെ സ്‌ക്വാഡില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ജു കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

ന്യൂസിലന്‍ഡിലെ ചരിത്രം ഇന്ത്യക്ക് നാണക്കേട്

പരമ്പരയിൽ അഞ്ച് ട്വന്റി 20യാണുള്ളത്. ഇതിന് ശേഷം മൂന്ന് ഏകദിനത്തിലും രണ്ട് ടെസ്റ്റിലും ന്യൂസിലൻഡുമായി ഇന്ത്യ കളിക്കും. കഴിഞ്ഞ വര്‍ഷം കിവികളുടെ നാട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അഞ്ച് ഏകദിനങ്ങളുടെ പരമ്പര 4-1ന് ടീം ഇന്ത്യ വിജയിച്ചിരുന്നു. എന്നാല്‍ ടി20 പരമ്പര 1-2ന് നഷ്‌ടപ്പെട്ടു. ന്യൂസിലന്‍ഡില്‍ ആദ്യ ടി20 കളിക്കാനാണ് നായകന്‍ വിരാട് കോലിയും പേസര്‍ ജസ്‌പ്രീത് ബുമ്രയും തയ്യാറെടുക്കുന്നത്. 

ന്യൂസിലന്‍ഡിനെതിരെ ടി20യില്‍ നീലപ്പടയ്‌ക്ക് മോശം റെക്കോര്‍ഡാണുള്ളത്. ഇതുവരെ 12 തവണ മുഖാമുഖം വന്നപ്പോള്‍ ന്യൂസിലന്‍ഡ് എട്ട് മത്സരങ്ങളിലും ഇന്ത്യ മൂന്നിലും വിജയിച്ചു. ഒരു മത്സരം ഉപേഷിക്കുകയുണ്ടായി. ന്യൂസിലന്‍ഡില്‍ ഇതുവരെ ടി20 പരമ്പര നേടാനും നീലപ്പടയ്‌ക്ക് ആയിട്ടില്ല. ഇതിനുമുന്‍പ് 2009ലും 2019ലും പര്യടനം നടത്തിയപ്പോള്‍ ടീം ഇന്ത്യ തോറ്റുമടങ്ങി. 2009ല്‍ 2-0നും കഴിഞ്ഞ വര്‍ഷം 2-1നുമാണ് കിവികള്‍ ഇന്ത്യയെ തോല്‍പിച്ചത്. 

ഓക്‌ലന്‍ഡില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ

ഓക്‌ലന്‍ഡില്‍ കഴിഞ്ഞ തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് വിക്കറ്റിന് വിജയിച്ചത് ഇന്ത്യക്ക് മത്സരത്തിന് മുന്‍പ് ആശ്വാസം നല്‍കുന്നു. ന്യൂസിലന്‍ഡിന്‍റെ 158 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഏഴ് പന്ത് ബാക്കിനില്‍ക്കേയാണ് വിജയിച്ചത്. രോഹിത് ശര്‍മ്മ(50), ഋഷഭ് പന്ത്(40), ശിഖര്‍ ധവാന്‍(30) എന്നിവരുടെ മികവിലായിരുന്നു ഇന്ത്യന്‍ ജയം. നാല് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡ്യയായിരുന്നു കളിയിലെ താരം.

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(നായകന്‍), രോഹിത് ശര്‍മ്മ, സഞ്‌ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍.