കാണ്‍പൂര്‍ ടെസ്റ്റിന്‍റെ മൂന്നാം ദിനവും അവസാന ദിനവും ഇന്ത്യക്കായി വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിഞ്ഞത് വൃദ്ധിമാന്‍ സാഹയ്‌ക്ക് പകരം കെ എസ് ഭരതായിരുന്നു

മുംബൈ: ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റില്‍ (India vs New Zealand 2nd Test) ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ (Wriddhiman Saha) കളിക്കുമോ എന്ന ആശയക്കുഴപ്പം തുടരുന്നു. കഴുത്തിലെ പേശീവലിവ് കാരണം കാണ്‍പൂര്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഫീല്‍ഡ് ചെയ്യാതിരുന്ന സാഹ മുംബൈയില്‍ (Wankhede Stadium Mumbai) കളിക്കുമോ എന്ന കാര്യത്തില്‍ മത്സരത്തിന് തൊട്ടുമുമ്പ് മാത്രമേ ഇന്ത്യന്‍ ടീം (Team India) അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ. വാംഖഡെയില്‍ നാളെയാണ് ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് തുടങ്ങുക. 

'മത്സരത്തോട് അടുക്കുമ്പോള്‍ മാത്രമേ തീരുമാനം കൈക്കൊള്ളൂ. ടീം ഫിസിയോ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ വിരാട് കോലിയുമായി സംസാരിക്കുന്നുണ്ട്. കാണ്‍പൂര്‍ ടെസ്റ്റില്‍ പരിക്കിനിടയിലും ബാറ്റ് കൊണ്ട് അസാമാന്യ പ്രകടനമാണ് സാഹ കാഴ്‌ചവെച്ചത്. ആദ്യ ടെസ്റ്റില്‍ നിന്ന് ഏറെ നല്ല വശങ്ങള്‍ കൈക്കൊള്ളാനുണ്ട്. തീര്‍ച്ചയായും നമ്മള്‍ മത്സരം വിജയിച്ചില്ല, എന്നാല്‍ കനത്ത പോരാട്ടം കാഴ്‌ചവെച്ചതില്‍ സന്തോഷമുണ്ട്, ചിലപ്പോള്‍ നിര്‍ഭാഗ്യം വന്നുചേരും' എന്നും ഇന്ത്യന്‍ ബൗളിംഗ് കോച്ച് പാരസ് മാബ്രേ പ്രതികരിച്ചു. 

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനവും അവസാന ദിനവും ഇന്ത്യക്കായി വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിഞ്ഞത് വൃദ്ധിമാന്‍ സാഹയ്‌ക്ക് പകരം കെ എസ് ഭരതായിരുന്നു. കാണ്‍പൂര്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം 55 ഓവറുകള്‍ കീപ്പ് ചെയ്‌തപ്പോള്‍ വൃദ്ധിമാന്‍ സാഹയ്‌ക്ക് കഴുത്തില്‍ വേദന അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ പരിക്ക് അവഗണിച്ച് നാലാം ദിനം ബാറ്റിംഗിനിറങ്ങി തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി സാഹ ഏവരേയും ഞെട്ടിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 126 പന്തില്‍ 61 റണ്‍സെടുത്ത സാഹയാണ് ശ്രേയസ് അയ്യര്‍ക്കൊപ്പം ടീം ഇന്ത്യയെ കരകയറ്റിയത്.

മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ സാഹ കളിച്ചില്ലെങ്കിലും ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമുറപ്പാണ്. കാണ്‍പൂരില്‍ കളിക്കാതിരുന്ന നായകന്‍ വിരാട് കോലി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും. കോലി വരുമ്പോള്‍ മോശം ഫോം അലട്ടുന്ന അജിങ്ക്യ രഹാനെയാണ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകാന്‍ സാധ്യത. കാണ്‍പൂരിലെ അരങ്ങേറ്റത്തില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും സ്വന്തമാക്കിയ ശ്രേയസ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. 

IND vs NZ : നാല് നാഴികക്കല്ലുകള്‍ക്കരികെ രവിചന്ദ്ര അശ്വിന്‍; പിന്നിലാവുക അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും