കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ കഴുത്തിലെ പരിക്ക് വൃദ്ധിമാന്‍ സാഹയെ വലച്ചിരുന്നു. എന്നാല്‍ താരം മുംബൈയില്‍ കളിക്കാന്‍ സജ്ജമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 

മുംബൈ: ന്യൂസിലന്‍ഡിനെതിരെ നാളെ മുംബൈയില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ (India vs New Zealand 2nd Test) കളിക്കാന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ (Wriddhiman Saha) സജ്ജമെന്ന് നായകന്‍ വിരാട് കോലി (Virat Kohli). കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ കഴുത്തിലെ വേദന സാഹയെ അലട്ടിയിരുന്നു. സാഹയ്‌ക്ക് പകരം കെ എസ് ഭരതാണ് (KS Bharat) രണ്ട് ദിനം വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിഞ്ഞത്. 

'നിലവില്‍ വൃദ്ധിമാന്‍ സാഹ പൂര്‍ണ ആരോഗ്യവാനാണ്. കഴുത്തിലെ പ്രശ്‌നത്തില്‍ നിന്ന് മോചിതനായിട്ടുണ്ട്. സുഖമായിരിക്കുന്നു. ടീം കോമ്പിനേഷന്‍ ചര്‍ച്ച ചെയ്യും. കാലാവസ്ഥയില്‍ മാറ്റമുണ്ട്, അത് പരിഗണിച്ചായിരിക്കും ഉചിതമായ ടീമിനെ തെരഞ്ഞെടുക്കുക. അഞ്ച് ദിവസവും സമാന കാലാവസ്ഥ നിലനില്‍ക്കുമോ എന്ന് പ്രവചിക്കുക അസാധ്യമാണ്. അതിനാല്‍ വ്യത്യസ്ത സാഹചര്യങ്ങളെ നേരിടാന്‍ കഴിയുന്ന ഗുണപരമായ ബൗളിംഗ് കോംബിനേഷന്‍ കണ്ടെത്തേണ്ടതുണ്ട്' എന്നും മുംബൈ ടെസ്റ്റിന് മുന്നോടിയായി വിരാട് കോലി പറഞ്ഞു. 

മുംബൈയില്‍ നാളെയാണ് ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് തുടങ്ങുക. കാണ്‍പൂര്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിനാല്‍ പരമ്പര നേടാന്‍ ഉന്നമിട്ടാണ് ടീം ഇന്ത്യ വാംഖഡെയില്‍ ഇറങ്ങുക. നായകന്‍ വിരാട് കോലി ടീമിലേക്ക് മടങ്ങിയെത്തുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമുറപ്പ്. എന്നാല്‍ കാണ്‍പൂരിലെ അരങ്ങേറ്റത്തില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും സ്വന്തമാക്കിയ ശ്രേയസ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. ഫോമിലല്ലാത്ത അജിങ്ക്യ രഹാനെയാവും ഇലവനില്‍ നിന്ന് പുറത്താകാന്‍ സാധ്യത. 

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനവും അവസാന ദിനവും ഇന്ത്യക്കായി വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിഞ്ഞത് വൃദ്ധിമാന്‍ സാഹയ്‌ക്ക് പകരം കെ എസ് ഭരതായിരുന്നു. കാണ്‍പൂര്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം 55 ഓവറുകള്‍ കീപ്പ് ചെയ്‌തപ്പോള്‍ വൃദ്ധിമാന്‍ സാഹയ്‌ക്ക് കഴുത്തില്‍ വേദന അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ പരിക്ക് അവഗണിച്ച് നാലാം ദിനം ബാറ്റിംഗിനിറങ്ങി തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി സാഹ ഏവരേയും ഞെട്ടിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 126 പന്തില്‍ നിര്‍ണായകമായ 61 റണ്‍സെടുത്തു സാഹ.

Omicron : ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം വൈകിയേക്കും, ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ- റിപ്പോര്‍ട്ട്