ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡില്‍ ചരിത്രത്തിലെ ആദ്യ ടി20 പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ഹാമില്‍ട്ടണില്‍ ബുധനാഴ‌്‌ച ഇറങ്ങുക. തുടര്‍ച്ചയായ മൂന്നാംജയം തേടിയിറങ്ങുമ്പോള്‍ നായകന്‍ വിരാട് കോലിയും ഒരു സുപ്രധാന നേട്ടത്തിന് അരികെയാണ്. 

ഹാമില്‍ട്ടണില്‍ 25 റണ്‍സ് കൂടി നേടിയാല്‍ മുന്‍ നായകന്‍ എം എസ് ധോണിയെ കോലിക്ക് മറികടക്കാനാകും. ടി20യില്‍ നായകനായി കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലാണ് ധോണിയെ കോലി പിന്തള്ളുക. നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് കിംഗ് കോലി. എം എസ് ധോണി(1,112), ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍(1148), ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലസിസ്(1,273) എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്. 

കോലിയെ കാത്ത് മറ്റ് രണ്ട് നേട്ടങ്ങളും!

മറ്റ് രണ്ട് നേട്ടങ്ങളും ന്യൂസിലന്‍ഡ് പര്യടനത്തില്‍ കോലിയെ കാത്തിരിപ്പുണ്ട്. ഒരു അര്‍ധ സെഞ്ചുറി കൂടി നേടിയാല്‍ അന്താരാഷ്‌ട്ര ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ ഫിഫ്റ്റി നേടുന്ന താരമെന്ന നേട്ടത്തിലെത്താം കോലിക്ക്. എട്ട് അര്‍ധ സെഞ്ചുറികളുമായി ഫാഫ് ഡുപ്ലസിസിനും കെയ്‌ന്‍ വില്യംസണും ഒപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് കോലിയിപ്പോള്‍.

അന്താരാഷ്‌ട്ര ടി20യില്‍ 50 സിക്‌സുകള്‍ തികയ്‌ക്കുന്ന രണ്ടാമത്തെ നായകനാകാനും കോലിക്ക് അവസരമുണ്ട്. ഇതിനായി കോലിക്ക് ഏഴ് സിക്‌സുകള്‍ കൂടി മതി. ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയ താരം.