ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഞായറാഴ്ച ഇറങ്ങുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സൂപ്പര്‍ ഓവര്‍ പോരാട്ടം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ താരം മനീഷ് പാണ്ഡെ വ്യക്തമാക്കി കഴിഞ്ഞു. അവസാന മത്സരത്തിലും അന്തിമ ഇലവനില്‍ ഇന്ത്യ പരീക്ഷണത്തിന് മുതിര്‍ന്നേക്കും. ന്യൂസിലന്‍ഡിനെതിരായ അവസാന  ടി20 ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ഓപ്പണിംഗില്‍ കെ എല്‍ രാഹുലിനൊപ്പം സഞ്ജു സാംസണ് വീണ്ടും അവസരം ലഭിച്ചേക്കും. ടോപ് ഓര്‍ഡറില്‍ പേടിയില്ലാതെ ബാറ്റ് ചെയ്യുന്ന സഞ്ജുവിന്റെ പ്രകടനത്തെ നാലാം മത്സരത്തിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി പ്രശംസിച്ചിരുന്നു. വരാനിരിക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകള്‍ കണക്കിലെടുത്ത് രോഹിത് ശര്‍മക്ക് അവസാന മത്സരത്തിലും വിശ്രമം അനുവദിക്കാനാണ് സാധ്യത.

വണ്‍ ഡൗണില്‍ ക്യാപ്റ്റന്‍ വിരാട് കോലി എത്തുമ്പോള്‍ ശ്രേയസ് അയ്യര്‍ തന്നെ നാലാം നമ്പറില്‍ തുടരും. കഴിഞ്ഞ മത്സരത്തിലെ ടോപ് സ്കോററായ മനീഷ് പാണ്ഡെ അഞ്ചാമനായി ക്രീസിലെത്തുമ്പോള്‍ ആറാം നമ്പറില്‍ ശിവം ദുബെയ്ക്ക് പകരം ഋഷഭ് പന്തിന് അവസരം ലഭിച്ചേക്കും. ഋഷഭ് പന്ത് വരുമ്പോള്‍ ലോകേഷ് രാഹുല്‍ വിക്കറ്റിന് പിന്നില്‍ തുടരുമോ എന്നത് ആകാംക്ഷ ഉണര്‍ത്തുന്ന ചോദ്യമാണ്. പന്തും സഞ്ജുവും കളിച്ചാല്‍ അന്തിമ ഇലവനില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരാവും.

നാലാം മത്സരത്തില്‍ തിളങ്ങിയില്ലെങ്കിലും ബൗളിംഗില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ നിലനിര്‍ത്തിയേക്കും. യുസ്ഞവേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവിന് നാളെ അവസരം ഒരുങ്ങിയേക്കും. നവദീപ് സെയ്നിയും ഷര്‍ദ്ദുല്‍ ഠാക്കൂറും പേസര്‍മാരായി തുടരുമ്പോള്‍ ജസ്പ്രീത് ബുമ്രക്ക് പകരം മുഹമ്മദ് ഷമി അന്തിമ ഇലവനില്‍ എത്താനുള്ള സാധ്യതയുണ്ട്.