ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിരാട് കോലിയുടെ അഭാവത്തില്‍ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ സെഞ്ചുറി നേടിയശേഷം  രഹാനെ ടെസ്റ്റില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് നേടിയത്.

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍(Indian Test Team) തുടരാന്‍ കഴിയുന്നതില്‍ അജിങ്ക്യാ രഹാനെ(Ajinkya Rahane) ഭാഗ്യവാനെന്നും ക്യാപ്റ്റനായതുകൊണ്ടു മാത്രമാണ് ന്യൂസിലന്‍ഡിനെതിരായ(INDvNZ) പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹം ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നതെന്നും മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍(Gautam Gambhir). കഴിഞ്ഞ രണ്ട് വര്‍ഷമായി മോശം ഫോമിലുള്ള രഹാനെ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ മികവിലേക്ക് ഉയരേണ്ടതുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിരാട് കോലിയുടെ അഭാവത്തില്‍ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ സെഞ്ചുറി നേടിയശേഷം രഹാനെ ടെസ്റ്റില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് നേടിയത്.

കാണ്‍പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളുമാകണം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു. വിരാട് കോലിയുടെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്‍ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങണമെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.

രഹാനെ ടെസ്റ്റ് ടീമില്‍ തുടരുന്നതില്‍ ശരിക്കും ഭാഗ്യവനാണ്. ഇത്തവണ ടീമിന്‍റെ നായകന്‍ കൂടിയാണ് രഹാനെ. അതുകൊണ്ടുതന്നെ രഹാനെക്ക് വീണ്ടുമൊവസരം കൂടി ലഭിക്കുന്നു. അത് മുതലാക്കാന്‍ അദ്ദേഹത്തിനാവട്ടെ എന്ന് കരുതുന്നു-ഗംഭീര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 15.57 ശരാശരിയില്‍ 109 റണ്‍സ് മാത്രമാണ് രഹാനെ നേടിയത്. ലോര്‍ഡ്സ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ നേടിയ 61 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പരാജയത്തിനുശേഷം രഹാനെയുടെ ടെസ്റ്റ് ടീമിലെ സ്ഥാനം പോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും അസാന്നിധ്യത്തില്‍ പരിചയസമ്പത്ത് കണക്കിലെടുത്ത് വൈസ്യ ക്യാപ്റ്റനായ രഹാനെയെ ക്യാപ്റ്റനായി നിലനിര്‍ത്തുകയായിരുന്നു.

രണ്ട് ടെസ്റ്റുകളാണ് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കളിക്കുക. 25ന് കാണ്‍പൂരിലാണ് ആദ്യ ടെസ്റ്റ്. ഡിസംബര്‍ മൂന്ന് മുതല്‍ മുംബൈയിലാണ് രണ്ടാം ടെസ്റ്റ്. രണ്ടാം ടെസ്റ്റില്‍ വിരാട് കോലി ക്യാപ്റ്റനായി മടങ്ങിയെത്തും.