ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 203 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ഇന്ത്യ പുതിയ റെക്കോര്‍ഡിട്ടു. ടി20യില്‍ വിദേശത്ത് ഇന്ത്യ പിന്തുര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

2018ല്‍ ബ്രിസ്റ്റോളില്‍ ഇംഗ്ലണ്ടിനെതിരെ 199 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു വിദേശത്ത് ഇതിന് മുമ്പത്തെ ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍. ടി20യില്‍ ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്കോറുമാണിത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹൈദരാബാദില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 208 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ടി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ്. ടി20യില്‍ 200ന് മുകളിലുള്ള സ്കോര്‍ നാല് തവണ പിന്തുടര്‍ന്ന് ജയിക്കുന്ന ഏക ടീമും ഇന്ത്യയാണ്.

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും രണ്ട് തവണ വീതവും വെസ്റ്റ് ഇൻഡീസും ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ബംഗ്ലാദേശും ഓരോ തവണയും 200ന് മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിട്ടുണ്ട്.