വെല്ലിംഗ്‌ടണ്‍: ടെസ്റ്റ് ടീമിലെ ഓപ്പണര്‍ സ്ഥാനത്തിനായി പൃഥ്വി ഷായുമായി മത്സരമില്ലെന്ന് ശുഭ്മാന്‍ ഗില്‍. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം ശുഭ്‌മാന്‍ ഗില്ലിനെ ഓപ്പണിംഗ് പങ്കാളിയാക്കണമെന്ന ആവശ്യമുയരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ഗില്‍ രംഗത്തെത്തിയത്.

ആര്‍ക്കാണോ അവസരം കിട്ടുന്നത്, അവര്‍ അവസരം പരമാവധി മുതലെടുക്കാന്‍ ശ്രമിക്കും. പക്ഷെ അതിന്റെ പേരില്‍ ടീമിലെ സ്ഥാനത്തിനായി ഞാനും പൃഥ്വി ഷായും തമ്മില്‍ അടിയില്ല. ആരാണ് അന്തിമ ഇലവനില്‍ കളിക്കേണ്ടതെന്ന് ടീം മാനേജ്മെന്റിന്റെ തലവേദനയാണെന്നും ശുഭ്‌മാന്‍ ഗില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ കരിയര്‍ തുടങ്ങുന്നത് ഏതാണ്ട് ഒരേസമയത്താണ്. അതിനര്‍ത്ഥം ഞങ്ങള്‍ തമ്മില്‍ ടീമിലെത്താന്‍ അടികൂടുന്നുവെന്നല്ല. ഞങ്ങള്‍ക്ക് ലഭിച്ച അവസരങ്ങളിലെല്ലാം ഞങ്ങള്‍ മികവ് കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ടീം മാനേജ്മെന്റാണ് ആര് കളിക്കണമെന്ന് തീരുമാനിക്കേണ്ടത്.

ടെസ്റ്റില്‍ ഇതുവരെ ഓപ്പണ്‍ ചെയ്തിട്ടില്ലെങ്കിലും ഓപ്പണ്‍ ചെയ്യുന്നത് തനിക്ക് പുതിയ കാര്യമായി തോന്നുന്നില്ലെന്നും ഗില്‍ പറഞ്ഞു. നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ആളായാലും ഒരുപക്ഷെ രണ്ട് വിക്കറ്റ് തുടക്കത്തിലെ നഷ്ടമായാല്‍ ക്രീസിലെത്തേണ്ടിവരും. മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന ആളായാലും രണ്ടാം ന്യൂ ബോള്‍ നേരിടേണ്ടിവരും. അതുകൊണ്ട് ഓപ്പണിംഗ് എന്നത് വലിയ വെല്ലുവിളിയായി കാണുന്നില്ലെന്നും ഗില്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ പൃഥ്വി ഷായ്ക്ക് പകരം ഗില്ലിനെ ഓപ്പണറാക്കണമെന്ന് ഹര്‍ഭജന്‍ സിംഗ് ആവശ്യപ്പെട്ടിരുന്നു. ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഓപ്പണര്‍മാരായ പൃഥ്വി ഷായ്ക്കും മായങ്ക് അഗര്‍വാളിനും കാര്യമായി തിളങ്ങാനായിരുന്നില്ല.