ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഞായറാഴ്ച ഇറങ്ങുമ്പോള്‍ വിരാട് കോലിയെയും സംഘത്തെയെും കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. പരമ്പരയില്‍ 4-0ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ നാളെ ജയിച്ചാല്‍ 5-0ന് പരമ്പര തൂത്തുവാരും.

ടി20 ചരിത്രത്തില്‍ ഒരു ടെസ്റ്റ് രാജ്യത്തിനിതിരെ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര തൂത്തുവാരുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇതോടെ ഇന്ത്യക്ക് സ്വന്തമാവുക. ടെസ്റ്റ് പദവിയില്ലാത്ത രാജ്യങ്ങള്‍ മുമ്പ് ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിട്ടുണ്ട്. കേമാന്‍ ഐലന്‍ഡ്സ്(6-0), ബെര്‍മുഡ(6-0), നൈജീരിയ(6-0), നോര്‍വെ(5-0) ടീമുകള്‍ മാത്രമാണ് മുമ്പ് അഞ്ചോ അതില്‍കൂടുതലോ മത്സരങ്ങളുള്ള പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിട്ടുള്ളു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയിക്കാവുന്ന സാഹചര്യത്തില്‍ നിന്നാണ് ന്യൂസിലന്‍ഡ് തോല്‍വി സമ്മതിച്ചത്.  ആദ്യ രണ്ട് ടി20യിലും ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യയാകട്ടെ തോല്‍വിയുടെ വക്കില്‍ നിന്ന് പൊരുതി വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഞായറാഴ്ച ഇറങ്ങുക. അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ താരം മനീഷ് പാണ്ഡെ വ്യക്തമാക്കി കഴിഞ്ഞു.