ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് തലവേദനയായി പരിക്ക്. ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി തിളങ്ങിയ പേസര്‍ ഇഷാന്ത് ശര്‍മ രണ്ടാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. അതേസമയം, ഓപ്പണര്‍ പൃഥ്വി ഷാ ശാരീരികക്ഷമത വീണ്ടെടുത്തുന്ന വാര്‍ത്ത ഇന്ത്യക്ക് ആശ്വാസമാണ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ഓപ്പണിംഗില്‍ മായങ്ക് അഗര്‍വാള്‍-പൃഥ്വി ഷാ സഖ്യം തന്നെയാവും ക്രൈസ്റ്റ്ചര്‍ച്ചിലും ഇന്ത്യക്കായി ഇറങ്ങുക. പൃഥ്വി ഷായുടെ പരിക്ക് ശുഭ്‌മാന്‍ ഗില്ലിന് ഓപ്പണര്‍ സ്ഥാനത്ത് അവസരം ഒരുക്കുമെന്ന് കരുതിയെങ്കിലും പൃഥ്വിയെ പിന്തുണച്ച് ക്യാപ്റ്റന്‍ വിരാട് കോലി തന്നെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

ആദ്യ ടെസ്റ്റിലെ മുട്ടിക്കളിയുടെ പേരില്‍ വിമര്‍ശനമേറ്റുവാങ്ങിയ ചേതേശ്വര്‍ പൂജാര മൂന്നാം നമ്പറില്‍ എത്തുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി നാലാമനായി ക്രീസിലെത്തും. അഞ്ചാം നമ്പറില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും ഇറങ്ങും.

ആറാം നമ്പറിലാണ് മാറ്റം പ്രതീക്ഷിക്കുന്നത്. ആദ്യ ടെസ്റ്റില്‍ പൂജാരയ്ക്കൊപ്പം മുട്ടിക്കളിച്ച ഹനുമാ വിഹാരിക്ക് പകരം ശുഭ്മാന്‍ ഗില്ലിന് മധ്യനിരയില്‍ അവസരം നല്‍കാനിടയുണ്ട്. ഏഴാമനായി ഋഷഭ് പന്ത് തന്നെയാവും എത്തുക. എട്ടാം നമ്പറിലും മാറ്റമുണ്ടാകും. ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട ബൗളിംഗ് കാഴ്ചവെച്ചെങ്കിലും സ്പിന്നറായി ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയാകും എത്തുക.

ബാറ്റിംഗ് ശക്തിപ്പെടുത്താനും ജഡേജയുടെ വരവ് സഹായിക്കുമെന്നാണ് കരുതുന്നത്. എട്ടാമനായി മൊഹമ്മദ് ഷമി എത്തുമ്പോള്‍ പരിക്കേറ്റ ഇഷാന്ത് ശര്‍മക്ക് പകരം ഉമേഷ് യാദവ് അന്തിമ ഇലവനില്‍ കളിക്കും. ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയെങ്കിലും ജസ്പ്രീത് ബുമ്ര തന്നെയാകും മൂന്നാം പേസര്‍.