ടീമിലെ സ്ഥാനം സ്ഥിരമാണെന്ന് ഋഷഭ് പന്ത് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ടീമിലെ ആരും അങ്ങനെ കരുതുന്നില്ലെന്ന് കോലി പറഞ്ഞു.ബാറ്റിംഗ് യൂണിറ്റെന്നനിലയില്‍ മൊത്തത്തിലുള്ള പരാജയമാണ് ന്യൂസിലന്‍ഡിനെതിരെ സംഭവിച്ചത്.

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗില്‍ വീണ്ടും പരാജയപ്പെട്ട യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ പിന്തുണച്ച് ക്യാപ്റ്റന്‍ വിരാട് കോലി. ഏതെങ്കിലും താരത്തെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ടീം എന്ന നിലയില്‍ മികച്ച പ്രകടനമല്ല ഇന്ത്യ കാഴ്ചവെച്ചതെന്നും മത്സരശേഷം കോലി പറഞ്ഞു.

ന്യൂസിലന്‍ഡിനതിരായ രണ്ട് ടെസറ്റിലെ നാല് ഇന്നിംഗ്സിലായി 60 റണ്‍സ് മാത്രമാണ് ഋഷഭ് പന്ത് നേടിയത്. ഈ സാഹചര്യത്തില്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പന്തിന് അവസരം നല്‍കിയതിനെതിരെ വിമര്‍ശനം ഉയരുമ്പോഴാണ് പന്തിനെ പിന്തുണച്ച് കോലി രംഗത്തെത്തിയത്. ഓസ്ട്രേലിയക്കെതിരായ പരമ്പര മുതല്‍ പന്തിന് അവസരം നല്‍കുന്നുണ്ട്. ഇടയ്ക്ക് കുറച്ചുകാലം അദ്ദേഹത്തിന് അവസരം ലഭിക്കാതെയായി. എന്നാല്‍ ഈ സമയം സ്വന്തം പ്രകടനം മെച്ചപ്പെടുത്താനുള്ള കഠിന പരിശീലനത്തിലായിരുന്നു പന്ത്. ഓരോ താരത്തിനും എപ്പോഴാണ് അവസരം നല്‍കേണ്ടതെന്നതിനെക്കുറിച്ച് ശരിക്കും ആലോചിച്ചിച്ച് തീരുമാനിക്കേണ്ടതുണ്ട്. കാരണം ഒരുപാട് നേരത്തെ അവസരം നല്‍കുന്നത് ചിലപ്പോള്‍ കളിക്കാരുടെ ആത്മവിശ്വാസം ഇല്ലാതാക്കാനും ഇടയുണ്ട്.