ഓക്‌ലന്‍ഡ്: വിക്കറ്റ് കീപ്പര്‍ സ്ഥാനം താന്‍ ശരിക്കും ആസ്വദിക്കുന്നതായി ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 56  റണ്‍സടിച്ച് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

സത്യസന്ധമായും ഞാനിത് ആസ്വദിക്കുന്നു. രാജ്യാന്തര മത്സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ എന്നത് എനിക്ക് പുതിയ ജോലിയാണ്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഞാന്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ എത്താറുണ്ട്. വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. കാരണം വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ പിച്ചിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ലഭിക്കും. ഇക്കാര്യം ക്യാപ്റ്റനും ബൗളര്‍മാര്‍ക്കും കൈമാറാനും എനിക്കാവും.വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ എപ്പോഴും സജീവമായിരിക്കണം. ആ ഉത്തരവാദിത്തം ഞാന്‍ ആസ്വദിക്കുന്നു-രാഹുല്‍ പറഞ്ഞു.

കുറേക്കാലമായി ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെങ്കിലും പ്ലേയിംഗ് ഇലവനില്‍ മതിയായ അവസരം ലഭിച്ചിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ബാറ്റ്സ്മാനെന്ന നിലയ്ക്ക് ടീമില്‍ സെറ്റാവണമെങ്കില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കണം. ഇപ്പോള്‍ ഞാന്‍ ടീമില്‍ സെറ്റായി എന്ന് തോന്നുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താനായത് എനിക്കേറെ ആത്മവിശ്വാസം നല്‍കി-രാഹുല്‍ പറഞ്ഞു.

വിക്കറ്റിന് പിന്നിലും മുന്നിലും രാഹുല്‍ ഒരുപോലെ തിളങ്ങുമ്പോള്‍ ഋഷഭ് പന്തിനെ ഇനി രണ്ടാം വിക്കറ്റ് കീപ്പറായി മാത്രമെ ടീം മാനേജ്മെന്റ് പരിഗണിക്കാനിടയുള്ളു. രാഹുലിനെ കീപ്പറാക്കിയാല്‍ ഒരു അധിക ബാറ്റ്സ്മാനെ കൂടി ഉള്‍പ്പെടുത്താനാവുമെന്നാണ് ടീം മാനേജ്മെന്റ് കരുതുന്നത്. രാഹുല്‍ വിക്കറ്റിന് പിന്നില്‍ കൂടി തിളങ്ങിയതോടെ ബാറ്റിംഗിലും കീപ്പിംഗിലും ഫോമിലല്ലാത്ത ഋഷഭ് പന്തിന് അന്തിമ ഇലവനില്‍ തിരിച്ചെത്താനുള്ള സാധ്യത മങ്ങി.