ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനിറങ്ങും മുമ്പെ ഇന്ത്യക്ക് തിരിച്ചടിയായി സ്റ്റാര്‍ പേസറുടെ പരിക്ക്. വലുതു കാല്‍ക്കുഴക്ക് പരിക്കേറ്റ ഇഷാന്ത് ശര്‍മ രണ്ടാം ടെസ്റ്റില്‍ കളിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പരിശീലനത്തിന് ഇറങ്ങിയ ഇഷാന്ത് ഇന്ന് നെറ്റ്സില്‍ പന്തെറിയാനെത്തിയില്ല.

കാല്‍ക്കുഴയിലെ വേദനകാരണമാണ് പരിശീലനത്തിന് ഇറങ്ങാത്തതെന്ന് ഇഷാന്ത് ടീം മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. തുടര്‍ച്ച് ഇഷാന്തിനെ വൈദ്യ പരിശോധനകള്‍ക്ക് വിധേയനാക്കി. പരിശോധനാഫലങ്ങള്‍ അറിഞ്ഞാല്‍ മാത്രമെ ഇഷാന്ത് നാളെ കളിക്കുന്ന കാര്യത്തില്‍ സ്ഥിരീകരണമാകു. ഇഷാന്ത് കളിക്കാതിരിക്കുകയാണെങ്കില്‍ പകരക്കാരനായി ഉമേഷ് യാദവ് അന്തിമ ഇലവനില്‍ ഇടം പിടിക്കുമെന്നാണ് കരുതുന്നത്.

പരിക്കുമൂലം ഒരുമാസത്തെ ഇടവേളക്കുശേഷം വെല്ലിംഗ്ടണ്‍ ടെസ്റ്റിലൂടെയാണ് ഇഷാന്ത് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയത്. വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ഇഷാന്ത് തിളങ്ങുകയും ചെയ്തു. പേസിനെ തുണക്കുന്ന ക്രൈസ്റ്റ്ചര്‍ച്ചിലെ പിച്ചില്‍ ഇഷാന്തില്ലാതെ ഇറങ്ങുന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.

മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ 300 വിക്കറ്റ് ക്ലബ്ബിലും ഇടം നേടാന്‍ ഇഷാന്തിനാവുമായിരുന്നു. നാളെ കളിച്ചില്ലെങ്കില്‍ ഇന്ത്യക്ക് അടുത്തൊന്നും ടെസ്റ്റ് പരമ്പര ഇല്ലാത്തതിനാല്‍ 300 വിക്കറ്റ് നേട്ടം സ്വന്തമാക്കാന്‍ ഇഷാന്ത് കാത്തിരിക്കേണ്ടിവരും.