ഹാമില്‍ട്ടണ്‍: ടി20 പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്കോററായ കെ എല്‍ രാഹുലിനെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ വിമര്‍ശനവുമായി ക്രിക്കറ്റ് ലോകം. രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ രാഹുലിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണമായിരുന്നുവെന്നാണ് ആരാധകരും മുന്‍ താരങ്ങളും കരുതുന്നത്. രാഹുലിന് പകരം പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെയാണ് ടെസ്റ്റ് ടീമിലെ ഓപ്പണര്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചത്.

രാഹുലിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തത് അത്ഭുതപ്പെടുത്തിയെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യക്ക് പുറത്ത് മൂന്ന് ടെസ്റ്റ് സെഞ്ചുറികള്‍ നേടിയിട്ടുള്ള രാഹുലിന്റെ സാങ്കേതിക മികവോ മനോഭാവമോ ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് രാഹുല്‍ ഇപ്പോഴെന്നും ആകാശ് ചോപ്ര പറഞ്ഞു.

രോഹിത്തിന്റെ അഭാവത്തിലും രാഹുലിന്റെ ഫോമും കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം ടെസ്റ്റ് ടീമില്‍ ഉണ്ടാവുമെന്നായിരുന്നു കരുതിയിരുന്നതെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞു.

എന്നാല്‍ ടി20 ലോകകപ്പാണ് വരുന്നതെന്ന് കണക്കിലെടുക്കുമ്പോള്‍ രാഹുലിനെ ഒഴിവാക്കിയത് നന്നായെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. രാഹുലിനെ ഏകദിന, ടി20 ക്രിക്കറ്റില്‍ നിലനിര്‍ത്തുകയാണ് വേണ്ടതെന്നും ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കായി 36 ടെസ്റ്റുകളില്‍ രാഹുല്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് രാഹുല്‍ അവസാനമായി ടെസ്റ്റ് കളിച്ചത്.