ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ രോഹിത് ശര്‍മക്ക് പകരം ഓപ്പണറായി അവസരം കിട്ടിയിട്ടും തിളങ്ങാനാവാതിരുന്ന മലയാളി താരം സ‍ഞ്ജു സാംസണ് ഉപദേശവുമായി ആരാധകര്‍.  ആദ്യ മൂന്ന് മത്സരത്തില്‍ റിസര്‍വ് ബെഞ്ചിലിരുന്നശേഷം അവസാനം അന്തിമ ഇലവനില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടും അത് കളഞ്ഞു കുളിച്ചതിനാണ് ആരാധകര്‍ സഞ്ജുവിന് ഉപദേശവുമായി രംഗത്തെത്തിയത്.

കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു മനോഹരമായൊരു സിക്സറിലൂടെ മനം കവര്‍ന്നെങ്കിലും സ്കോട് കുഗ്ലജെന്റ് പന്തില്‍ മറ്റൊരു വമ്പനടിക്കുള്ള ശ്രമത്തില്‍ സാന്റ്നര്‍ക്ക്  ക്യാച്ച് നല്‍കി പുറത്തായി. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ അവസരം ലഭിച്ചപ്പോഴും സിക്സറോടെ തുടങ്ങിയ സഞ്ജു അടുത്ത പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താവുകയായിരുന്നു.

ഇന്നിംഗ്സി്റെ തുടക്കത്തിലെ ഒരുപാട് ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ നിലയുറുപ്പിച്ചശേഷം കളിക്കാനും കിട്ടുന്ന അവസരങ്ങളില്‍ തിളങ്ങാനുമാണ് ആരാധകര്‍ സഞ്ജുവിനെ ഉപദേശിക്കുന്നത്. തെറ്റുകളില്‍ നിന്ന് സഞ്ജു പാഠം പഠിക്കണമെന്നും ആരാധകര്‍ പറയുന്നു.