ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ബാറ്റിംഗില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. പന്ത് ഇരുവശത്തേക്കും തിരിയുന്ന സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണമെന്ന പാഠം ന്യൂസിലന്‍ഡ് ഇന്ത്യയെ പഠിപ്പിച്ചുവെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞു. ന്യൂസിലന്‍ഡിലും ഇംഗ്ലണ്ടിലുമൊന്നും ജയിക്കാതെ ഇന്ത്യയെ ഏറ്റവും മികച്ചവരുടെ സംഘമെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും വോണ്‍ ട്വീറ്റ് ചെയ്തു.

ആദ്യ ടെസ്റ്റിന് സമാനമായി രണ്ടാം ടെസ്റ്റിലും ഇന്ത്യ ന്യൂസിലന്‍ഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ചേതേശ്വര്‍ പൂജാരയും ഹനുമാ വിഹാരിയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റിയെങ്കിലും ചായക്ക് തൊട്ടുമുമ്പ് മോശം ഷോട്ട് കളിച്ച് വിഹാരിയും ചായക്കുശേഷം പൂജാരയും പുറത്തായതോടെ ഇന്ത്യ തകര്‍ന്നടിഞ്ഞിരുന്നു.

ബാറ്റിംഗ് നിരയുടെ മോശം ഷോട്ട് സെലക്ഷനാണ് ബാറ്റിംഗ് തകര്‍ച്ചക്ക് കാരണമെന്ന് ആദ്യ ദിവസത്തെ കളിക്കുശേഷം വിഹാരിയും സമ്മതിച്ചിരുന്നു. നാലു പേസര്‍മാരുമായി ഇറങ്ങിയ കിവീസ് ഷോര്‍ട്ട് ബോളുകള്‍ കൊണ്ട് ഇന്ത്യയെ പരീക്ഷിക്കുമെന്ന് അറിയാമായിരുന്നു. അതിനാല്‍ തന്നെ ഷോര്‍ട്ട് ബോളുകളില്‍ റണ്ണെടുക്കുക എന്നതായിരുന്നു തന്ത്രം. അതുകൊണ്ടാണ് തുടര്‍ച്ചായയി ഷോര്‍ട്ട് ബോളുകള്‍ വന്നപ്പോള്‍ അത്തരത്തില്‍ ബാറ്റ് ചെയ്തത്. ചില ദിവസങ്ങളില്‍ അത് ശരിയാവും. ചിലപ്പോള്‍ പിഴക്കും. തന്റേത് മോശം ഷോര്‍ട്ട് സെലക്ഷനായിരുന്നുവെന്നും വിഹാരി സമ്മതിച്ചിരുന്നു.