ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വാലറ്റത്ത് ബാറ്റിംഗ് മികവുകൊണ്ട് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പോലും കൈയടി നേടിയത് നവദീപ് സെയ്നിയായിരുന്നു. വാലറ്റത്ത് രവീന്ദ്ര ജഡേജയുമൊത്ത് 76 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ വിജയത്തിന് അടുത്തെത്തിക്കാനും സെയ്നിക്കായി. അസമയത്ത് താന്‍ പുറത്തായില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ മത്സരഫലം മറ്റൊന്നായേനെ എന്ന് സെയ്നി പറഞ്ഞു.

കെയ്ല്‍ ജാമൈസണെ സിക്സറിന് പറത്തിയതിന് പിന്നാലെയാണ് സെയ്നി ബൗള്‍ഡായി പുറത്തായത്. പുറത്തായ രീതിയില്‍ എനിക്ക് ശരിക്കും ദു:ഖമുണ്ട്. ഞാനപ്പോള്‍ പുറത്തായില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ മത്സരഫലം മറ്റൊന്നാകുമായിരുന്നു. വിജയത്തിന് ഇത്രയും അടുത്തെത്തിയശേഷം ഇത്തരത്തില്‍ പുറത്തായതില്‍ ശരിക്കും വിഷമമുണ്ട്.

വിക്കറ്റ് ഫ്ലാറ്റ് ആയിരുന്നു. അഴസാനംവരെ പിടിച്ചു നിന്നാല്‍ കിവീസ് സ്കോറിന് അടുത്തെത്താമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ പരമാവധി പിടിച്ചു നില്‍ക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ബൗണ്ടറി ബോള്‍ കിട്ടിയാല്‍ അടിച്ചോളാന്‍ ജഡേജ പറഞ്ഞിരുന്നു. അല്ലാത്ത സമയം സിംഗിളും ഡബിളുമെടുക്കാനായിരുന്നു ജഡ്ഡു പറഞ്ഞത്.

ക്ഷമയോടെ പിടിച്ചു നില്‍ക്കാനും ജഡേജ പറഞ്ഞിരുന്നു. വാലറ്റത്തിന് ബാറ്റിംഗില്‍ സംഭാവന ചെയ്യാന്‍ കഴിയുന്നത് പ്രധാനമാണെന്നും സെയ്നി പറഞ്ഞു. മത്സരത്തലേന്ന് സെയ്നി ദീര്‍ഘനേരം നെറ്റ്സില്‍ ബാറ്റിംഗ് പരിസീലനം നടത്തിയിരുന്നു. 49 പന്തില്‍ 45 റണ്‍സെടുത്താണ് സെയ്നി പുറത്തായത്.