ഹാമില്‍ട്ടണ്‍: സൂപ്പര്‍ ഓവറില്‍ ചിറകറ്റ് വീണ് വീണ്ടും കിവികള്‍. 2008ല്‍ ഓക്‌ലന്‍ഡില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യമായി സൂപ്പര്‍ ഓവര്‍ തോറ്റതിനുശേഷം 12 വര്‍ഷത്തിനിടെ ന്യൂസിലന്‍ഡ് കളിച്ച ഏഴ് സൂപ്പര്‍ ഓവര്‍ പോരാട്ടങ്ങളില്‍ ആറിലും തോല്‍വിയായിരുന്നു ഫലം.

2010ല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഓസീസിനെ സൂപ്പര്‍ ഓവറില്‍ കീഴടക്കിയത് മാത്രമാണ് ഇതിനിടയില്‍ വന്ന ഒരേയൊരു ജയം.കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കളിച്ച അഞ്ച് സൂപ്പര്‍ ഓവര്‍ പോരാട്ടങ്ങളില്‍ അഞ്ചിലും ന്യൂസിലന്‍ഡ് തോറ്റു. ഇതില്‍ കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന്റെ ഫൈനലും ഉള്‍പ്പെടുന്നു.

ഹാമില്‍ട്ടണില്‍ വിജയത്തിന് തൊട്ടടുത്തെയിട്ടും മത്സരം കൈപ്പിടിയിലൊതുക്കാന്‍ ന്യൂസിലന്‍ഡിനായില്ല. ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ ഏഴ്  വിക്കറ്റ് ശേഷിക്കെ ഏഴ് റണ്‍സ് മാത്രമായിരുന്നു കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നാല് വിക്കറ്റ് നഷ്ടമാക്കിയ ന്യൂസിലന്‍ഡിന് നേടാനായത് ആറ് റണ്‍സ് മാത്രം.

മത്സരം ടൈ ആയതോടെ ന്യൂസിലന്‍ഡിനെ കാത്തിരുന്നത് മറ്റൊരു സൂപ്പര്‍ ഓവര്‍. തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ ഓവര്‍ പോരാട്ടത്തിലും കിവീസിന് അടിതെറ്റുകയും ചെയ്തു. ലോകകപ്പ് ഫൈനലിലെ സൂപ്പര്‍ ഓവര്‍ ദുരന്തം കിവീസിനെ ഇപ്പോഴും വേട്ടയാടുന്നുവെന്ന് തെളിയിക്കുന്നതായി ഇന്നത്തെ പ്രകടനവും.