ഹാമില്‍ട്ടണ്‍: കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യന്‍ പേസറായ മുഹമ്മദ് ഷമി ഇപ്പോള്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും തിളങ്ങിയ ഷമി ഏകദിന പരമ്പരയിലും മികവ് ആവര്‍ത്തിക്കാനുള്ള ഒറുക്കത്തിലാണ്. ഇതിനിടെ ഒരു സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

വീട്ടിലേക്ക് ഒരു പെണ്‍കുഞ്ഞ് കൂടി എത്തിയതിന്റെ സന്തോഷമാണ് ഷമിആരാധകരുമായി പങ്കിട്ടത്. സഹോദന്റെ ഭാര്യ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയതിന്റെ സന്തോഷമാണ് ഷമി ട്വിറ്ററിലൂടെ ആരാധകരോട് പങ്കുവെച്ചത്.

എന്റെ കുടുംബത്തിലേക്ക് ഒരു പെണ്‍കുഞ്ഞ് കൂടി എന്ന അടിക്കുറിപ്പോടെയാണ് ഷമി ചിത്രം ട്വീറ്റ് ചെയ്തത്. ഷമിയുടെ ട്വീറ്റ് ആരാധകരില്‍ ആദ്യം ആശയക്കുഴപ്പവും ആകാംക്ഷയും ഉണര്‍ത്തിയിരുന്നു. ഭാര്യ ഹസിന്‍ ജഹാനും ഷമിയും തമ്മിലുള്ള പ്രശ്നങ്ങള്‍ കഴിഞ്ഞ വര്‍ഷം പരസ്യമായിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ ഹസിന്‍ ജഹാന്‍ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു.