ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയപ്പോള്‍ ശ്രദ്ധേയമായത് കുല്‍ദീപ് യാദവിന്റെയും ഷര്‍ദ്ദുല്‍ ഠാക്കൂറിന്റെയും ബൗളിംഗായിരുന്നു.10 ഓവര്‍ എറിഞ്ഞ കുല്‍ദീപ് 84 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ 9.1 ഓവറില്‍ 80 റണ്‍സ് വഴങ്ങിയ ഠാക്കൂറിന് ഒരു വിക്കറ്റ് വീഴ്ത്താനെ കഴിഞ്ഞുള്ളു.

ശക്തമായ ബാറ്റിംഗ് നിരയുള്ള ഇന്ത്യ ഠാക്കൂറിന്റെ ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ അന്തിമ ഇലവനില്‍ കളിപ്പിക്കുന്നത് എന്ന് വിലയിരുത്തലുണ്ട്. ടി20 പരമ്പരയിലും ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍മാര്‍ ഠാക്കൂറിനെ നന്നായി കൈകാര്യം ചെയ്തെങ്കിലും നിര്‍ണായക സമയത്ത് വിക്കറ്റ് വീഴ്ത്തിയതുകൊണ്ട് താരം ടീമില്‍ പിടിച്ചു നിന്നു. എന്നാല്‍ ടി20യില്‍ നിന്ന് വ്യത്യസ്തമായി 10 ഓവര്‍ എറിയേണ്ട ഏകദിനത്തില്‍ ഠാക്കൂറിനോട് ഒരു ദയയുമില്ലാതെയാണ് ടെയ്‌ലറും ലാതമും പെരുമാറിയത്.

ഇതോടെ ഏഴാമനായി രവീന്ദ്ര ജഡേജ വരെ വരുന്ന ബാറ്റിംഗ് ലൈനപ്പില്‍ ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് ഠാക്കൂറിനെ നിലനിര്‍ത്തണോ എന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തി. ഠാക്കൂറിനേക്കാള്‍ എന്തുകൊണ്ടും നല്ലത് നവദീപ് സെയ്നിയാണെന്നും അടുത്ത മത്സരത്തില്‍ യുസ്‌വേന്ദ്ര ചാഹലിനെ തിരികെക്കൊണ്ടുവരണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ആരാധകരുടെ പ്രതികരണങ്ങളില്‍ നിന്ന്.