ഹാമില്‍ട്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങാനും താന്‍ സന്നദ്ധനാണെന്ന് ഇന്ത്യന്‍ താരം ഹനുമാ വിഹാരി. ന്യൂസിലന്‍ഡ് ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യക്കായി ആറാമനായി ഇറങ്ങിയ വിഹാരി സെഞ്ചുറി നേടിയിരുന്നു. വിഹാരിയുടെയും പൂരാജയുടെയും ഇന്നിംഗ്സുകളാണ് ഇന്ത്യയെ വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണറാവുമെന്ന് കരുതുന്ന മായങ്ക് അഗര്‍വാളും പൃഥ്വി ഷായും ശുഭ്‌മാന്‍ ഗില്ലും തീര്‍ത്തും നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ കൂടിയാണ് വിരാഹിയുടെ പ്രസ്താവന. ബാറ്റ്സ്മാനെന്ന നിലയില്‍ ഏത് സ്ഥാനത്തും കളിക്കാന്‍ തയാറാണെന്നും ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യാന്‍ ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും വിഹാരി പറഞ്ഞു. എന്നാല്‍ അത്തരമൊരു ആവശ്യം വന്നാല്‍ അതിന് തയാറാണെന്നും വിഹിരാ വ്യക്തമാക്കി.

ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം ചില മത്സരങ്ങളില്‍ ഒഴിവാക്കപ്പെട്ടതില്‍ വിഷമമില്ലെന്നും വിഹാരി പറഞ്ഞു. നാട്ടില്‍ കളിക്കുമ്പോള്‍ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങുകയാണെങ്കില്‍ സ്വാഭാവികമായും ടീമില്‍ സ്ഥാനം നഷ്ടമാവും. അതില്‍ വേദനിച്ചിട്ട് കാര്യമില്ല. ടീം കോംബിനേഷന്‍ കൂടി ശരിയാവേണ്ടതുണ്ട്. ആര്‍ക്കുമുന്നിലും ഇനി ഒന്നും തെളിയിക്കാനില്ലെന്നും വിഹാരി പറഞ്ഞു. പരിശീലന മത്സരത്തില്‍ പിച്ചിലെ അധിക ബൗണ്‍സ് തന്നെ അത്ഭുതപ്പെടുത്തിയെന്നും വിഹാരി വ്യക്തമാക്കി. 21നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.