ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിക്ക്. അഞ്ചാം ടി20ക്കിടെ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ രോഹിത് ശര്‍മക്ക് ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ നഷ്ടമാവും.

രോഹിത്തിന്റെ പകരക്കാരനായി ഏകദിന ടീമില്‍ മായങ്ക് അഗര്‍വാളെ ഉള്‍പ്പെടുത്തി. ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് രോഹിത്തിന് തുടയില്‍ പേശിവലിവ് അനുഭവപ്പെട്ടത്. ബാറ്റിംഗ് പാതിവഴിക്ക് നിര്‍ത്തി മടങ്ങിയ രോഹിത് പിന്നീട് ഫീല്‍ഡ് ചെയ്യാനിറങ്ങിയിരുന്നില്ല. രോഹിത്തിന് പകരം കെ എല്‍ രാഹുലാണ് ഇന്ത്യയെ പിന്നീട് നയിച്ചത്.

ഏകദിന ടീമില്‍ രോഹിത്തിന് പകരം മായങ്ക് അഗര്‍വാള്‍ ഓപ്പണറായി എത്തും. കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തിലാണ് മായങ്ക് ഇന്ത്യക്കായി ഏകദിനങ്ങളില്‍ അരങ്ങേറിയത്. അതേസമയം, ടെസ്റ്റിലും ഇന്ത്യയുടെ ഓപ്പണറായ രോഹിത്തിന്റെ പകരക്കാരന്‍ ആരെന്ന് ഇതുവരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ശിഖര്‍ ധവാനും പരിക്ക് മൂലം ന്യൂസിലന്‍ഡ് പര്യടനം നഷ്ടമായിരുന്നു.