ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരം സൂപ്പര്‍ ഓവറില്‍ ജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി പിഴശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന് മാച്ച് റഫറി ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 40 ശതമാനം പിഴ ചുമത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തെറ്റ് സമ്മതിച്ചതിനാല്‍ ഓദ്യോഗിക വാദമില്ലാതെയാണ് ഇന്ത്യന്‍ ടീമിന് മേല്‍ പിഴ ചുമത്തിയത്. നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വരെയാണ് പിഴ ചുമത്തുക.

മൂന്ന് ദിവസത്തിനുള്ളില്‍ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ ഓവര്‍ കളിച്ച ഇന്ത്യ അവിശ്വസനീയ ജയം സ്വന്തമാക്കിയിരുന്നു. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 165 റണ്‍സ് വീതമെടുത്തപ്പോള്‍ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 14 റണ്‍സെടുത്തു. 15 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ആദ്യ രണ്ട് പന്തില്‍ സിക്സറും ബൗണ്ടറിയും നേടി നിര്‍ണായക മുന്‍തൂക്കം നല്‍കി.

പിന്നീട് ക്യാപ്റ്റന്‍ വിരാട് കോലിയും സ‍ഞ്ജു സാംസണും ചേര്‍ന്ന് ഇന്ത്യയെ അനായാസം ജയത്തിലെത്തിക്കുകയും ചെയ്തു. പരമ്പരയിലെ മൂന്നാം മത്സരവും ഇന്ത്യ സൂപ്പര്‍ ഓവറിലാണ് ജയിച്ചത്. അവസാന രണ്ട് പന്തില്‍ സിക്സര്‍ നേടിയ രോഹിത് ശര്‍മയായിരുന്നു മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 4-0ന് മുന്നിലാണ്. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.