നാലാം ടി20യില്‍ രോഹിത് കളിക്കാത്തതിനാല്‍ സൂപ്പര്‍ ഓവറില്‍ രാഹുലിനൊപ്പം ഇറങ്ങിയത് ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. എന്നാല്‍ സഞ്ജു സാംസണെയാണ് സൂപ്പര്‍ ഓവറില്‍ ഇറക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നതെന്ന് മത്സരശേഷം കോലി പറഞ്ഞു
ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരം സൂപ്പര്‍ ഓവറില്‍ ജയിച്ച് ഇന്ത്യ പരമ്പരയില്‍ 4-0ന് മുന്നിലെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരമാണ് സൂപ്പര്‍ ഓവറില്‍ ഇന്ത്യ കൈപ്പിടിയിലൊതുക്കുന്നത്. ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലുമായിരുന്നു ഇന്ത്യക്കായി ഇറങ്ങിയത്. അവസാന രണ്ട് പന്ത് സിക്സറിന് പറത്തി ഹിറ്റ്മാന്‍ ഇന്ത്യക്ക് അവിസ്മരണീയ ജയം സമ്മാനിക്കുകയും ചെയ്തു.
നാലാം ടി20യില്‍ രോഹിത് കളിക്കാത്തതിനാല്‍ സൂപ്പര്‍ ഓവറില്‍ രാഹുലിനൊപ്പം ഇറങ്ങിയത് ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. എന്നാല്‍ സഞ്ജു സാംസണെയാണ് സൂപ്പര്‍ ഓവറില്‍ ഇറക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നതെന്ന് മത്സരശേഷം കോലി പറഞ്ഞു. രാഹുലും സഞ്ജുവും പന്ത് നന്നായി സ്ട്രൈക്ക് ചെയ്യുന്ന ബാറ്റ്സ്മാന്‍മാരാണ്. അതിനാല്‍ അവര്‍ രണ്ടുപേരെയും സൂപ്പര്‍ ഓവറില്‍ ഇറക്കാനായിരുന്നു ആദ്യം തിരുമാനിച്ചത്.

സഞ്ജു പേടിയില്ലാതെ കളിക്കുന്ന ബാറ്റ്സ്മാനാണ്. ഇതാണ് സഞ്ജുവിന്റെ അവസരമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് സഞ്ജുവിനെ അന്തിമ ഇലവനില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആദ്യത്തെ മനോഹരമായ സിക്സറിനുശേഷം പിച്ച് നന്നായി മനസിലാക്കുന്നതിന് മുമ്പെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് സഞ്ജു പുറത്തായി. പിച്ച് മനസിലാക്കുന്നതില്‍ ബാറ്റിംഗ് നിരയില്‍ താനടക്കമുള്ള പലര്‍ക്കും തെറ്റ് പറ്റിയെന്നും കോലി പറഞ്ഞു.
