വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസറ്റിന് മുമ്പ് വെല്ലിംഗ്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സന്ദര്‍ശനം നടത്തിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെത്തിയത്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ പരസ്പര ബഹുമാനത്തോടെയും ആദരവോടെയുമുള്ള ബന്ധമാണുള്ളതെന്ന് ഹൈക്കമ്മീഷന്‍ ഓഫീസില്‍ നടത്തിയ ചെറുപ്രസംഗത്തില്‍ ക്യാപ്റ്റന്‍ കോലി വ്യക്തമാക്കി.

രണ്ടാം സ്ഥാനത്തെക്കുറിച്ചാണ് നമ്മള്‍ ഇതുവരെ സംസാരിച്ചത്. എന്നാല്‍ ഒന്നാം സ്ഥാനം ഏതെങ്കിലും ടീമുമായി ഞങ്ങള്‍ പങ്കിടുമെങ്കില്‍ അത് ന്യൂസിലന്‍ഡുമായി മാത്രമാണ്. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കിടെ എല്ലാവരും തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ടീമായി ഇന്ത്യ മാറിയിട്ടുണ്ട്. ന്യൂസിലന്‍ഡും അക്കാര്യത്തില്‍ വ്യത്യസ്തരായിരിക്കില്ല.

എന്നാല്‍ മറ്റ് ടീമുകളുമായി ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം വാശിയേറിയ മത്സരത്തിനിടയില്‍ പോലും എനിക്കും കെയ്ന്‍ വില്യംസണും ബൗണ്ടറി ലൈനിന് അരികിലിരുന്ന് ജീവിതത്തെക്കുറിച്ചു് സംസാരിക്കാനാവും. കാരണം ഞാനും വില്യംസണും ഒരുപോലെ ചിന്തിക്കുന്നവരാണ്. ഒരേ ആദര്‍ശങ്ങള്‍ പിന്‍പറ്റുന്നവരാണ്.

ലോകത്തിന്റെ രണ്ടറ്റത്തുനിന്നുള്ളവരായിട്ടും ഒരേ മനസോടെ ചിന്തിക്കാനാവുകയും ഒരേ ഭാഷയില്‍ സംസാരിക്കാനാവുകയും ചെയ്യുക എന്നത് അത്ഭുതമാണെന്നും കോലി പറഞ്ഞു. വെള്ളിയാഴ്ച വെല്ലിംഗ്ടണിലാണ് ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ പര്യടനം തുടങ്ങും മുമ്പ് ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച ന്യൂസിലന്‍ഡിനോട് ഈ പരമ്പരയില്‍ പ്രതികാരം തീര്‍ക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇത്രയും പാവങ്ങളായ അവരുടെ മുഖത്തുനോക്കി എങ്ങനെയാമ് പ്രതികാരം ചെയ്യുക എന്നായിരുന്നു കോലിയുടെ മറുപടി.