ദുര്‍ബലരായ ഹോംങ്കോങ്ങിനെതിരെ 36 റണ്‍സെടുക്കാന്‍ രാഹുലിന് വേണ്ടി വന്നത് 39 പന്താണ്. എന്നാല്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഫോം വീണ്ടെടുത്തതും സൂര്യകുമാര്‍ യാദവ് മിന്നും ഫോം തുടരുന്നതും ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് കൂട്ടുന്നു.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വീണ്ടും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. നാളെയാണ് സൂപ്പര്‍ ഫോറില്‍ ഇരു ടീമുകളും ഏറ്റുമുട്ടുക. സൂപ്പര്‍ ഫോറിലെ സൂപ്പര്‍ പോരാട്ടം രാത്രി ഏഴരയ്ക്ക്. പരിക്കേറ്റ രവീന്ദ്ര ജഡേജ കളിക്കാനില്ലെന്നത് ഇന്ത്യക്ക് നേരിയ ആശങ്കയാണ്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്താണ് ഇന്ത്യ തുടങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ ആഞ്ഞടിച്ച കളിയില്‍ ജയം അഞ്ച് വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. കെ എല്‍ രാഹുലിന്റെ മെല്ലപ്പോക്ക് ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചിട്ടുമുണ്ട്.

ദുര്‍ബലരായ ഹോംങ്കോങ്ങിനെതിരെ 36 റണ്‍സെടുക്കാന്‍ രാഹുലിന് വേണ്ടി വന്നത് 39 പന്താണ്. എന്നാല്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഫോം വീണ്ടെടുത്തതും സൂര്യകുമാര്‍ യാദവ് മിന്നും ഫോം തുടരുന്നതും ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് കൂട്ടുന്നു. ഹോങ്കോംഗിനെതിരെ 155 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍. 193 റണ്‍സ് അടിച്ചുകൂട്ടിയ പാകിസ്ഥാന്‍, ഹോങ്കോംഗിനെ 38 റണ്‍സിന് പുറത്താക്കിയിരുന്നു.

ഏഷ്യാ കപ്പ്: ഹോങ്കോങിനെ നാണംകെടുത്തി, പാക്കിസ്ഥാന് വമ്പന്‍ റെക്കോര്‍ഡ്

ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തും. ഓള്‍റൗണ്ടറെന്ന പരിഗണന അക്‌സറിന് ലഭിക്കും. കഴിഞ്ഞ മത്സരത്തില്‍ അടിമേടിച്ചെങ്കിലും ആവേഷ് ഖാന്‍ ടീമില്‍ തുടരുമെന്നാണ് അറിയുന്നത്. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ തിരിച്ചെത്തിയെങ്കിലും റിഷഭ് പന്ത് പാകിസ്ഥാനെതിരെ പുറത്തിരിക്കും. ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തും. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, യൂസ്‌വേന്ദ്ര ചാഹല്‍.

ജഡേജയുടെ പരിക്ക് ആശങ്ക

ടി20 ലോകകപ്പിന് ഒരുമാസം മാത്രം ബാക്കി നില്‍ക്കേയാണ് ജഡേജ കാല്‍മുട്ടിന് പരിക്കേറ്റ് ടീമിന് പുറത്തായിരിക്കുന്നത്. പരിക്കിന്റെ ഗുരതരാവസ്ഥയെക്കുറിച്ചോ എത്രനാള്‍ വിശ്രമം വേണ്ടിവരുമെന്നോ ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. 2021 ജനുവരിക്ക് ശേഷം അഞ്ചാം തവണയാണ് ജഡേജ പരിക്കേറ്റ് പുറത്താവുന്നത്. ജൂലൈയിലെ വിന്‍ഡീസ് പര്യടനം നഷ്ടമാവാന്‍ കാരണമായ അതേപരിക്കാണ് ജഡേജയ്ക്ക് ഏഷ്യാകപ്പിനിടെയും പറ്റിയിരിക്കുന്നത് എന്നാണ് സൂചന.