ഇന്ത്യ - പാക് വമ്പൻ പോരാട്ടം: മാസ്ക്ക് ധരിച്ച് അഹമ്മദാബാദിലെത്തി സൂപ്പര്‍ താരം, ആശ്വാസ വാർത്ത? വീഡിയോ
താരം അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ ബുധനാഴ്ച വൈകിയാണ് എത്തിയത്. തുടര്‍ന്ന് ശുഭ്മാൻ ഗില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്നതിന്‍റെ വീഡിയോ കൂടെ ഇന്ന് പുറത്ത് വന്നതോടെ താരം പാകിസ്ഥാനെതിരെ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

അഹമ്മദാബാദ്: ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒക്ടബോര്‍ 14ന് നടക്കുന്ന മത്സരത്തിനുള്ള തയാറെടുപ്പിലാണ് ഇരു ടീമുകളും. ഇതിനിടെ ഇന്ത്യൻ ആരാധകര്‍ക്ക് സന്തോഷം വരുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ആരാധകരെ സന്തോഷിപ്പിക്കുന്ന രണ്ട് വീഡിയോകളാണ് പുറത്ത് വന്നിട്ടുള്ളത്. ആദ്യത്തേത് ഡെങ്കി പനി ബാധിച്ച് ചികിത്സയിലായിരുന്ന ഓപ്പണര്‍ ശുഭ്മാൻ ഗില്‍ അഹമ്മദാബാദില്‍ എത്തിയതിന്‍റേതാണ്.
താരം അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ ബുധനാഴ്ച വൈകിയാണ് എത്തിയത്. തുടര്‍ന്ന് ശുഭ്മാൻ ഗില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്നതിന്‍റെ വീഡിയോ കൂടെ ഇന്ന് പുറത്ത് വന്നതോടെ താരം പാകിസ്ഥാനെതിരെ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലോകകപ്പ് സന്നാഹ മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പിന്നീട് ഇന്ത്യന്‍ ടീമിനൊപ്പം ചെന്നൈയിലെ ആദ്യ മത്സരത്തിനായി പോയ ശുഭ്മാന്‍ ഗില്ലിന് ആരോഗ്യം വീണ്ടെടുക്കാനായിരുന്നില്ല.
രക്തത്തിലെ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറഞ്ഞതിനെത്തുടര്‍ന്ന് ഗില്ലിനെ ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തിനായി ദില്ലിയിലേക്ക് പോകാതിരുന്ന ഗില്‍ ഇപ്പോള്‍ അഹമ്മദാബാദില്‍ എത്തിയതോടെ ആരാധകര്‍ ആശ്വാസത്തിലാണ്. ഇന്ന് ഉച്ചക്ക് ശേഷം അഹമ്മദാബാദിലെത്തിയ ഇന്ത്യന്‍ ടീ അംഗങ്ങള്‍ക്കൊപ്പം വൈകാതെ ഗില്‍ ചേരുമെന്നാണ് കരുതുന്നത്.
നേരത്തെ ഗില്‍ പാകിസ്ഥാനെതിരെ കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നിരുന്നത്. എന്നാല്‍ ബാറ്റിംഗ് പരിശീലനത്തിന് ഇറങ്ങിയതോടെ പാകിസ്ഥാനെതിരെ രോഹിത് ശര്‍മ-ശുഭ്മാന്‍ ഗില്‍ സഖ്യം ഓപ്പണ്‍ ചെയ്യാനുള്ള സാധ്യതയേറി. ഗില്‍ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തോ എന്നകാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. അഫ്ഗാനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടി മിന്നും ഫോമിലുള്ള രോഹിത്തിനൊപ്പം ഗില്‍ കൂടി ഓപ്പണറായി എത്തുന്നതോടെ ഇന്ത്യക്ക് ഇരട്ടിശക്തിയാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.