കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇരുവരും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമാണിത്. അതുകൊണ്ടുതന്നെ ആരാധകരും ഉറ്റുനോക്കുന്നു. എന്നാല്‍, മഴയില്‍ മുങ്ങിപ്പോകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

മെല്‍ബണ്‍: നാളെ ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് മത്സരത്തോടെ ടി20 ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാവുന്നത്. ഇതിനേക്കാള്‍ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഞായറാഴ്ചത്തെ ഇന്ത്യ - പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടത്തിനായാണ്. മെല്‍ബണില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരക്കാണ് കളി. ഓസ്‌ട്രേലിയന്‍ സമയം രാത്രി ഏഴിനും. ഈ മത്സരം നടക്കാനുള്ള സാധ്യത വളരെക്കുറവാണെന്നാണ് ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇരുവരും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമാണിത്. അതുകൊണ്ടുതന്നെ ആരാധകരും ഉറ്റുനോക്കുന്നു. എന്നാല്‍, മഴയില്‍ മുങ്ങിപ്പോകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. കളി നടക്കേണ്ട ഞായറാഴ്ച മെല്‍ബണില്‍ കനത്ത മഴ പെയ്യുമെന്നാണ് ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഞായറാഴ്ച മെല്‍ബണില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സര ദിവസം മഴ പെയ്യാന്‍ 95 ശതമാനം സാധ്യത. ഉച്ചക്ക് ശേഷം ഇടിമിന്നലോടെ മഴ ശക്തമാകുമെന്നും കാലവസ്ഥാ പ്രവചനം. 

അയാള്‍ ഇന്ത്യക്ക് ഒറ്റക്ക് ലോകകപ്പ് നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള താരമെന്ന് ഷെയ്ന്‍ വാട്സണ്‍

ഇങ്ങനെയങ്കില്‍ ഇന്ത്യ- പാക് പോരാട്ടം മഴയില്‍ ഒലിച്ച് പോകും. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനമില്ല. ഇരു ടീമിനും അഞ്ചോവര്‍ വീതമെങ്കിലും കളിക്കാനായാലേ മത്സരം നടത്തൂ. മഴ മൂലം ഇന്ത്യ - ന്യൂസിലന്‍ഡ് സന്നാഹ മത്സരം ഒറ്റപ്പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. പസഫിക് സമുദ്രത്തിലെ ലാ നിന പ്രതിഭാസത്തെ തുടര്‍ന്നാണ് മഴ ശക്തമാവുന്നത്. 

അടുത്ത നാല് ദിവസത്തിനുള്ളില്‍ 100 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് ഓസ്ട്രേലിയയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴ കളിതടസ്സപ്പെടുത്തുമെന്ന റിപ്പോര്‍ട്ട് വന്നതോടെ മിക്കവരും ടിക്കറ്റുകള്‍ മറിച്ച് വില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. 

ഇന്ന് ആദ്യ പരിശീലന സെഷന് രോഹിത് ശര്‍മ്മയും സംഘവും ഇറങ്ങും. ലോകകപ്പിലെ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ആറ് റണ്‍സിന്റെ ജയം അവസാന പന്തില്‍ ഇന്ത്യ നേടിയിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം സന്നാഹമത്സരം മഴമൂലം ഉപേക്ഷിച്ചു.