ഐപിഎല്ലിൽ വിവിധ ടീമുകൾക്കായി കളിച്ച താരങ്ങൾ ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്ക് ഒന്നിക്കുകയാണ്
ദില്ലി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി 20 പരമ്പരയ്ക്ക്(India v South Africa series 2022) ഇന്ന് തുടക്കം. പരിക്കേറ്റ കെ എൽ രാഹുലിന്(KL Rahul) പകരം റിഷഭ് പന്താണ്(Rishabh Pant) ടീമിനെ നയിക്കുക. ദില്ലിയിൽ(Arun Jaitley Stadium) രാത്രി 7 മണിക്കാണ് മത്സരം തുടങ്ങുക.
ഐപിഎല്ലിൽ വിവിധ ടീമുകൾക്കായി കളിച്ച താരങ്ങൾ ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്ക് ഒന്നിക്കുകയാണ്. യുവതാരങ്ങളിൽ പ്രതീക്ഷ വച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുന്നത്. പരിക്കേറ്റ കെ എൽ രാഹുലും കുൽദീപ് യാദവും പരമ്പരയിൽ കളിക്കില്ല. രാഹുലിന് പകരം റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. റിഷഭ് പന്ത്, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ എന്നിവരിലും പ്രതീക്ഷ. പേസ് സെൻസേഷൻ ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം ലഭിച്ചേക്കാം. അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരും ടീമിലിടം കിട്ടാൻ മത്സരിക്കുന്നു. ഫിനിഷറായി ദിനേശ് കാർത്തിക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്.
തെംബാ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്കൻ നിരയും ശക്തർ. ക്വിന്‍റൺ ഡി കോക്ക്, ഡേവിഡ് മില്ലർ, കാഗിസോ റബാഡ, എയ്ഡൻ മർക്രാം, മാർക്കോ യാൻസൻ, ആന്‍റിച്ച് നോർക്കിയ, തബ്രൈസ് ഷംസി തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്. ട്വന്‍റി 20യിൽ 12 തുടർ വിജയങ്ങളുമായാണ് ഇന്ത്യ പ്രോട്ടീസിനെതിരെയിറങ്ങുന്നത്. നേർക്കുനേർ പോരിൽ മുൻതൂക്കം ഇന്ത്യക്ക്. 15 കളിയിൽ 9ൽ ഇന്ത്യയും ആറിൽ ദക്ഷിണാഫ്രിക്കയും ജയിച്ചു. ഐപിഎല്ലിൽ ടീമിനെ നയിച്ച് പരിചയമുള്ള റിഷഭ് പന്തിനെ നായകനും ഹാർദിക് പാണ്ഡ്യയെ ഉപനായകനുമാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്.
ആ വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല, ക്യാപ്റ്റന്‍ സ്ഥാനത്തെക്കുറിച്ച് റിഷഭ് പന്ത്
