വിശാഖപട്ടണം: ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ ഇന്നിംഗ്‌സിലെ രോഹിത് ശര്‍മ്മയുടെ റണ്‍കുതിപ്പിന് കേശവ് മഹാരാജിന്‍റെ അപ്രതീക്ഷിത ബ്രേക്ക്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ 150ഉം പിന്നിട്ട് കുതിച്ച രോഹിത്തിനെ 176 റണ്‍സില്‍ നില്‍ക്കേ വിക്കറ്റ് കീപ്പര്‍ ക്വിന്‍ണ്‍ ഡി കോക്ക് സ്റ്റംപ് ചെയ്യുകയായിരുന്നു. 244 പന്തില്‍ നിന്ന് 23 ഫോറുകളും ആറ് സിക്‌സുകളും സഹിതമാണ് രോഹിത് 176 റണ്‍സെടുത്തത്.

രണ്ടാം ദിനം

വിശാഖപട്ടണത്ത് കൂറ്റന്‍ സ്‌കോറിലേക്കാണ് രണ്ടാം ദിനം ഇന്ത്യ നിങ്ങുന്നത്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 202 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ രോഹിത് പുറത്താകുമ്പോള്‍ 317 റണ്‍സെടുത്തിട്ടുണ്ട്. നൂറിലധികം റണ്‍സ് ആദ്യ സെഷനില്‍ ഇന്ത്യ നേടിയ ശേഷമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ബ്രേക്ക് ത്രൂ നേടാനായത്. ടെസ്റ്റ് കരിയറിലെ ആദ്യ സെ‍ഞ്ചുറിയുമായി 137 റണ്‍സെടുത്തിരിക്കുന്ന മായങ്ക് അഗര്‍വാള്‍ ക്രീസിലുണ്ട്. മൂന്നാമന്‍ ചേതേശ്വര്‍ പൂജാരയാണ് മായങ്കിന് കൂട്ട്. 

രോഹിത്തിന്‍റെ കട്ട ഹീറോയിസം

ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ ഇന്നിംഗ്‌സില്‍ കട്ട ഹീറോയിസമാണ് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ കാട്ടിയത്. ഓപ്പണറായി രോഹിത്തിന് തിളങ്ങാനാകുമോ എന്ന വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ടുള്ള തകര്‍പ്പന്‍ മറുപടി. 84 പന്തില്‍ അര്‍ധ സെഞ്ചുറി, 154 പന്തില്‍ സെഞ്ചുറി, 224 പന്തില്‍ 150 റണ്‍സ്... എന്നിങ്ങനെയായിരുന്നു രോഹിത്തിന്‍റെ റണ്‍വേട്ട. ആദ്യ ദിനം തന്നെ അഞ്ച് സിക്‌സുകള്‍ ഗാലറിയിലെത്തിച്ച് രോഹിത് ഹിറ്റ്‌മാന്‍ ശൈലി ടെസ്റ്റിലും ഊട്ടിയുറപ്പിച്ചിരുന്നു. 

മായങ്ക്- രോഹിത് റെക്കോര്‍ഡ് കൂട്ടുകെട്ട്

വിശാഖപട്ടണത്ത് രോഹിത്തും മായങ്കും ഓപ്പണിംഗില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഏത് വിക്കറ്റിലെയും ടീം ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ചെന്നൈയില്‍ 2007/08ല്‍ 268 റണ്‍സ് നേടിയ വീരേന്ദര്‍ സെവാഗ്- രാഹുല്‍ ദ്രാവിഡ് സഖ്യത്തെയാണ് ഇരുവരും മറികടന്നത്. ടെസ്റ്റില്‍ ഇന്ത്യയുടെ ഉയര്‍ന്ന മൂന്നാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ടുമാണ് ഇന്ന് പിറന്നത്. മായങ്ക് 204 പന്തിലാണ് ആദ്യ ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയത്.

ആദ്യ ദിനം   

തുടക്കത്തിലെ ലഭിച്ച സ്വിങ് മുതലാക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്കാതെ വന്നപ്പോള്‍ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ഇന്ത്യക്ക് മികച്ച തുടക്കമാണ് ആദ്യദിനം നല്‍കിയത്. സൂപ്പര്‍ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍റെ വിരമിക്കല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ ദുര്‍ബലമാക്കി. മഴമൂലം ആദ്യ ദിനം 51.9 ഓവര്‍ മാത്രമാണ് എറിഞ്ഞത്. ആദ്യ ദിനം 202/0 കളി നിര്‍ത്തുമ്പോള്‍ രോഹിത്(115*), മായങ്ക് അഗര്‍വാള്‍(84*) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.