വിശാഖപട്ടണം: ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ ആരാധകരെ ത്രസിപ്പിച്ച് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിശാഖപട്ടണം ടെസ്റ്റില്‍ ഹിറ്റ്‌മാന്‍ 84 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതമാണ് രോഹിത് അമ്പത് തികച്ചത്. വിശാഖപട്ടണത്ത് മികച്ച തുടക്കം ലഭിച്ച ടീം ഇന്ത്യ 29 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 91 റണ്‍സെന്ന നിലയിലാണ്. രോഹിത്തിനൊപ്പം മായങ്ക് അഗര്‍വാളാണ് ക്രീസില്‍. 

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ ബൗണ്ടറിപായിച്ചാണ് രോഹിത് തുടങ്ങിയത്.

ഫോമിലല്ലാത്തതിന് വിമര്‍ശനം നേരിടുന്ന ഋഷഭ് പന്തിനെ പകരം വൃദ്ധിമാന്‍ സാഹയെ വിക്കറ്റ് കീപ്പറാക്കിയപ്പോള്‍ സ്‌പിന്നര്‍മാരായി രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ഇടംപിടിച്ചു. ഇശാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയുമാണ് പേസര്‍മാര്‍. നായകന്‍ വിരാട് കോലിക്കൊപ്പം ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവര്‍ മധ്യനിരയില്‍ ബാറ്റിംഗിനിറങ്ങും. 

ഇന്ത്യ ഇലവന്‍: Rohit Sharma, Mayank Agarwal, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Hanuma Vihari, Wriddhiman Saha(w), Ravindra Jadeja, Ravichandran Ashwin, Ishant Sharma, Mohammed Shami