ബെംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ബെംഗളൂരുവില്‍ രാത്രി ഏഴിനാണ് കളി. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ട്വന്‍റി 20 ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. തോൽവി ഒഴിവാക്കാനായാൽ നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യമായി ഇന്ത്യക്ക് ടി20 പരമ്പര സ്വന്തമാക്കാം. 

മോശം ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത് മികവിലേക്ക് ഉയരുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ബെംഗളൂരു ട്വന്‍റി 20യിൽ ശ്രദ്ധാകേന്ദ്രമാവുക ഋഷഭ് പന്താകും. മോശം ഷോട്ടുകള്‍ക്ക് പുറത്താകുന്ന പന്തിനെതിരെ വിമര്‍ശനം കനക്കുന്നതിനാല്‍ മികച്ച പ്രകടനം അനിവാര്യമാകും. 

ബാറ്റിംഗ് പിച്ചാണ് ചിന്നസ്വാമിയില്‍ ഒരുക്കുക. കഴിഞ്ഞ സീസണില്‍ നടന്ന ഐപിഎല്‍ മത്സരങ്ങളിലും ബാറ്റിംഗ് പിച്ചാണ് ഒരുക്കിയിരുന്നത്. ചെറിയ ഗ്രൗണ്ടായതിലാല്‍ വലിയ സ്‌കോര്‍ പിറക്കുമെന്നാണ് പ്രവചനം.