ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര ജയത്തിനായി ടീം ഇന്ത്യ ബെംഗളൂരുവില്‍ ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മ്മയെ കാത്ത് റെക്കോര്‍ഡ്. അന്താരാഷ്‌ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ കോലിയെ മറികടക്കാന്‍ എട്ട് റണ്‍സ് കൂടിയാണ് രോഹിത്തിന് വേണ്ടത്. കോലിക്ക് 2,441 റണ്‍സും രോഹിത്തിന് 2,434 റണ്‍സുമാണുള്ളത്.

മൊഹാലിയില്‍ നടന്ന രണ്ടാം ടി20യിലാണ് രോഹിത് ശര്‍മ്മയെ കോലി പിന്നിലാക്കിയത്. രോഹിത് 97 മത്സരങ്ങളില്‍ നിന്ന് നേടിയ റണ്‍സ് സമ്പാദ്യമാണ് കോലി 71 മത്സരങ്ങളില്‍ മറികടന്നത്. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മൂന്നാം സ്ഥാനത്ത്(2283), പാക്കിസ്ഥാന്‍ താരം ഷൊയൈബ് മാലിക്ക്(2263), കിവീസ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം(2140) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. 

രോഹിത് ശര്‍മ്മയുടെ ഓപ്പണിംഗ് പങ്കാളി ശിഖര്‍ ധവാന് ഒരു സുപ്രധാന നേട്ടം സ്വന്തമാക്കാനും മൂന്നാം ടി20യില്‍ അവസരമുണ്ട്. നാല് റണ്‍സ് കൂടി നേടിയാല്‍ ടി20യില്‍ ധവാന്‍റെ റണ്‍ സമ്പാദ്യം 7000ത്തിലെത്തും. ആകെ 6,996 റണ്‍സാണ് ധവാന്‍റെ സമ്പാദ്യം. വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ്മ എന്നിവരാണ് മുന്‍പ് ഈ നാഴികക്കല്ല് പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍.