മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക് കടുപ്പമേറിയതാവും എന്ന മുന്നറിയിപ്പുമായി മുന്‍ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കല്‍. ധര്‍മ്മശാലയില്‍ നാളെ പരമ്പര ആരംഭിക്കാനിരിക്കേയാണ് മോര്‍ക്കലിന്‍റെ പ്രതികരണം. 

ഓസ്‌ട്രേലിയക്കെതിരെ ടി20 കൈവിട്ട ശേഷം ഏകദിന പരമ്പര മനോഹരമായി പ്രോട്ടീസ് സ്വന്തമാക്കി. ടീം മികച്ച ഫോമിലാണെങ്കിലും ഇന്ത്യയില്‍ ടീം ഇന്ത്യയെ തോല്‍പിക്കുക അസാധ്യമാണ്. അതിനാല്‍ പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക് എളുപ്പമാകില്ല. എന്നാല്‍ ടീം പോരാട്ടം കാഴ്‌ചവെക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഓസീസിനെതിരായ പരമ്പര വിജയം ദക്ഷിണാഫ്രിക്കയ്‌ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് കാരണം. ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കും എന്നും ആല്‍ബി മോര്‍ക്കല്‍ മുംബൈയില്‍ പറഞ്ഞു. 

ധര്‍മ്മശാലയില്‍ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 1.30ന് ആദ്യ ഏകദിനം ആരംഭിക്കും. ഇന്ത്യയെ വിരാട് കോലിയും ദക്ഷിണാഫ്രിക്കയെ ക്വിന്‍റൺ ഡി കോക്കുമാണ് നയിക്കുന്നത്. പരമ്പരയിൽ ആകെ മൂന്ന് മത്സരങ്ങളാണുള്ളത്. ഈ മാസം 15ന് ലഖ്നൗവിലും 18ന് കൊൽക്കത്തയിലുമാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍. 

ഇന്ത്യ സ്‌ക്വാഡ്

ശിഖര്‍ ധവാന്‍, പ‍ൃഥ്വി ഷാ, വിരാട് കോലി(നായകന്‍), മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ശുഭ്‌മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹല്‍, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്

ദക്ഷിണാഫ്രിക്ക സ്‌ക്വാഡ്

തെംബാ ബാവുമ, റാസി വാന്‍ ഡര്‍സന്‍, ഫാഫ് ഡുപ്ലസിസ്, ഡേവിഡ് മില്ലര്‍, ജനീമന്‍ മലാന്‍, ജെ ജെ സ്‌‌മട്ട്, ജോര്‍ജ് ലിന്‍ഡെ, ആന്‍ഡിലെ ഫെഹ്‌ലൂക്വായോ, ക്വിന്‍റണ്‍ ഡികോക്ക്(നായകന്‍), ഹെന്‍‌റിച്ച് ക്ലാസന്‍, കെയ്‌ല്‍ വെരീന്‍, ലുങ്കി എന്‍ഗിഡി, ലൂത്തോ സിപാംല, ബ്യൂറന്‍ ഹെന്‍‌റിക്‌സ്, ആന്‍റിച്ച് നോര്‍ജെ, കേശവ് മഹാരാജ്