ധര്‍മശാല: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. ധര്‍മശാലയില്‍ കനത്ത മഴയെ തുടര്‍ന്ന് ടോസിടാന്‍ പോലും സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ  പരമ്പരയില്‍ ആദ്യ ഏകദിനമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. രണ്ടാം മത്സരം 15ന് ലഖ്‌നൗവില്‍ നടക്കും. 18ന് കൊല്‍ക്കത്തയിലാണ് മൂന്നാം ഏകദിനം. എന്നാല്‍ ഈ രണ്ട് മത്സരങ്ങള്‍ക്കും കാണികളെ പ്രവേശിപ്പിച്ചേക്കില്ല. 

6.30ന് മുമ്പ് ഗ്രൗണ്ട് ഉണങ്ങിയില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ മഴ എത്തിയതോടെ കാര്യങ്ങള്‍ക്ക് തീരുമാനമാവുകയായിരുന്നു. 20 ഓവര്‍ മത്സരമെങ്കിലും കളിക്കുമെന്ന വാര്‍ത്തകളും പുറത്തതുവന്നിരുന്നു. ഒരു സമയത്ത് മഴ പൂര്‍ണമായും നിന്നിരുന്നു. മാത്രമല്ല, ഗ്രൗണ്ടിലെ കവറും മാറ്റിയിരുന്നു. എന്നാല്‍ വീണ്ടും മഴ എത്തിയത് ആരാധകരെ നിരാശരാക്കി.

ന്യൂസിലന്‍ഡിലെ പരമ്പര നഷ്ടത്തിന് ശേഷമാണ് ഇന്ത്യ പരമ്പരയ്ക്കിറങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലായിരുന്നു ദക്ഷിണാഫ്രിക്ക. പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പരിക്ക് ഭേദമായി തിരിച്ചുവരുന്നതാണ് ഇന്ത്യന്‍ ടീമിന്റെ സവിശേഷത. രോഹിത് ശര്‍മയുടെ അഭാവത്തില്‍  ശിഖര്‍ ധവാനും പൃഥ്വി ഷായും പരമ്പരയില്‍ ഓപ്പണര്‍മാരായേക്കും. കൊവിഡ് 19 ഭീതിയും മഴഭീഷണിയും കാരണം പകുതിയോളം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയിട്ടുള്ളത്.