Asianet News MalayalamAsianet News Malayalam

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തയ്യാര്‍; ക്രിക്കറ്റ് ആവേശത്തില്‍ അനന്തപുരി- കാര്യവട്ടം ടി20 കാണാന്‍ ഈ വഴികള്‍

രോഹിത്തിന്റെ കീഴില്‍ ഇറങ്ങുന്ന ടീമില്‍ കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് സ്ഥാനമുറപ്പാണ്. യൂസ്‌വേന്ദ്ര ചാഹലിന് മറ്റൊരു അവസരം കൂടി ലഭിച്ചേക്കും.

India vs South Africa first T20 how to watch and live streaming
Author
First Published Sep 28, 2022, 9:07 AM IST

തിരുവനന്തപുരം: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് വിരുന്നെത്തുന്നത്. നഗരം ക്രിക്കറ്റ് ആവേശത്തിലാണ്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ലെങ്കില്‍ കൂടി ആവേശത്തിന് തെല്ലും കുറവില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പ്ലെയിംഗ് ഇലവനിലെ ആശങ്കകള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ല. എങ്കിലും ജസ്പ്രിത് ബുമ്ര- അര്‍ഷ്ദീപ് സിംഗ്- ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ കൂടിചേരല്‍ ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ഡെത്ത് ഓവര്‍ പ്രശ്‌നങ്ങള്‍ പേസര്‍ ത്രയം പരിഹാരമായേക്കും.

രോഹിത്തിന്റെ കീഴില്‍ ഇറങ്ങുന്ന ടീമില്‍ കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് സ്ഥാനമുറപ്പാണ്. യൂസ്‌വേന്ദ്ര ചാഹലിന് മറ്റൊരു അവസരം കൂടി ലഭിച്ചേക്കും. ശേഷിക്കുന്ന ഒരു സ്ഥാനത്ത് ദീപക് ചാഹര്‍ അല്ലെങ്കില്‍ റിഷഭ് പന്ത് എന്നിവരില്‍ ഒരാള്‍ സ്ഥാനം പിടിച്ചേക്കും. ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ടോസ് മുതല്‍ മത്സരത്തിന്റെ ആവേശമൊട്ടും ചോരാതെ കാര്യവട്ടത്തെ കളി കാണാനുള്ള വഴികള്‍ അറിയാം. 

സ്റ്റാര്‍ സ്‌പോര്‍ട്സ് നെറ്റ്വര്‍ക്കാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്സ് 1, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്സ് ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 എച്ച്ഡി ഹിന്ദി എന്നീ ചാനലുകളില്‍ മത്സരം തല്‍സമയം കാണാം. ഡിസ്നി+ഹോട്സ്റ്റാര്‍ വഴി ഓണ്‍ലൈനിലും മത്സരം കാണാം. മത്സരദിനം രാവിലെ ഏഴ് മണിമുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമിലും സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും ടി20യുടെ അവലോകനങ്ങളും തല്‍സമയ വിവരങ്ങളും അറിയാം. 

കാര്യവട്ടം ടി20യ്ക്കുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞു. മത്സരത്തിനായി ഇരു ടീമുകളും നേരത്തെ തന്നെ തിരുവനന്തപുരത്തെത്തിയിരുന്നു. മത്സരത്തിനായുള്ള അവസാനഘട്ട പരിശീലനം പുരോഗമിക്കുകയാണ്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും നിര്‍ണായകമാണ് ഈ പരമ്പര. ടി20 ലോകകപ്പിന് മുമ്പ് ഇരു ടീമിനും അവസാനവട്ട തയ്യാറെടുപ്പുകള്‍ നടത്താനും ഉചിതമായ പ്ലേയിംഗ് ഇലവനെ കണ്ടെത്താനുമുള്ള അവസരമാണിത്. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര. 

Follow Us:
Download App:
  • android
  • ios