Asianet News MalayalamAsianet News Malayalam

വാണ്ടറേഴ്സിൽ ഇന്ത്യൻ പേസ് കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക, തലയരിഞ്ഞ് അർഷ്ദീപ്, നടുവൊടിച്ച് ആവേശ് ഖാൻ

ബാറ്റിംഗ് പറുദീസയാകുമെന്ന് കരുതിയ വാണ്ടറേഴ്സില്‍ ഇന്ത്യന്‍ പേസര്‍മാര്‍ തുടക്കത്തിലെ തീ തുപ്പുന്നതാണ് കണ്ടത്. രണ്ടാം ഓവറിലെ നാലും അഞ്ചും പന്തുകളില്‍ റീസാ ഹെന്‍ഡ്രിക്സിനെയും റാസി വാൻഡര്‍ ദസനെയും പൂജ്യരായി മടക്കിയ അര്‍ഷ്ദീപ് സിങ് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ ദക്ഷിണാഫ്രിക്ക ഞെട്ടി.

India vs South Africa Live Updates: South Africa loss 7 wickets vs India
Author
First Published Dec 17, 2023, 3:08 PM IST

വാണ്ടറേഴ്സ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സോടെ  ആന്‍ഡൈല്‍ ഫെഹ്‌ലുക്‌വായോയും റണ്ണൊന്നുമെടുക്കാതെ നാന്ദ്രെ ബര്‍ഗറുമാണ് ക്രീസില്‍. നാലു വിക്കറ്റ് വീതമെടുത്ത അര്‍ഷ്ദീപ് സിങും ആവേശ് ഖാനും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.

തുടക്കത്തിലെ ഞെട്ടി ദക്ഷിണാഫ്രിക്ക

ബാറ്റിംഗ് പറുദീസയാകുമെന്ന് കരുതിയ വാണ്ടറേഴ്സില്‍ ഇന്ത്യന്‍ പേസര്‍മാര്‍ തുടക്കത്തിലെ തീ തുപ്പുന്നതാണ് കണ്ടത്. രണ്ടാം ഓവറിലെ നാലും അഞ്ചും പന്തുകളില്‍ റീസാ ഹെന്‍ഡ്രിക്സിനെയും റാസി വാൻഡര്‍ ദസനെയും പൂജ്യരായി മടക്കിയ അര്‍ഷ്ദീപ് സിങ് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ ദക്ഷിണാഫ്രിക്ക ഞെട്ടി.

മൂന്ന് റണ്‍സിന് രണ്ട് വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഓപ്പണര്‍ ടോണി ഡി സോര്‍സിയും(28) ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തതോടെ പതുക്കെ കരകയറിയെ ദക്ഷിണാഫ്രിക്ക 42ല്‍ എത്തിയെങ്കിലും സോര്‍സിയുടെ അമിതാവേശം വിനയായി. അര്‍ഷ്ദീപിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ സോര്‍സി വിക്കറ്റിന് പിന്നില്‍ രാഹുലിന്‍റെ കൈകകളിലെത്തി.

സൂക്ഷിച്ചുനോക്കേണ്ട, അത് ദക്ഷിണാഫ്രിക്ക തന്നെ; പച്ചക്ക് പകരം ദക്ഷണാഫ്രിക്ക പിങ്ക് ജേഴ്സി ധരിക്കാൻ കാരണം ഇതാണ്

ഹെന്‍റിച്ച് ക്ലാസന്‍ തുടക്കത്തിലെ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അര്‍ഷ്ദീപിന്‍റെ പേസിന് മുന്നില്‍ മറുപടി ഇല്ലാതെ മടങ്ങി. അഞ്ച് റണ്‍സെടുത്ത ക്ലാസനെ അര്‍ഷ്ദീപ് ബൗള്‍ഡാക്കി. പിന്നാലെ ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രത്തെ(12) ആവേശ് ഖാനും ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക 52-5ലേക്ക് കൂപ്പുകുത്തി. ഡേവിഡ് മില്ലറെ(2) വീഴ്തത്തിയ ആവേശ് ഖാന്‍ പിന്നാലെ വിയാന്‍ മുള്‍ഡറെയും(0) കേശവ് മഹാരാജിനെയും(4) വീഴ്ത്തി ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി സായ് സുദര്‍ശന്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ മലയാളി താരം സഞ്ജു സാംസണും പ്ലേയിംഗ് ഇലവനിലെത്തി. ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായാണ് ഇന്ത്യ ഏകദിന മത്സരത്തിനിറങ്ങുന്നത്.

രോഹിത്തിനെ മാറ്റാന്‍ എന്തിനിത്ര തിടുക്കം, മുംബൈ ഇന്ത്യന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): കെഎൽ രാഹുൽ, റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, റാസി വാൻ ഡെർ ദസൻ, ഏയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ,ടബ്രൈസ് ഷംസി.

Latest Videos
Follow Us:
Download App:
  • android
  • ios