Asianet News MalayalamAsianet News Malayalam

കോലി എഫക്ട്; ഹോട്സ്റ്റാറിന് സന്തോഷം, സ്ട്രീമിങ്ങിൽ റെക്കോർഡിട്ട് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം, കണ്ടത് കോടികൾ!

ഒക്‌ടോബർ 22ന് നടന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തിന് 4.3 കോടിയായിരുന്നു വ്യൂവർഷിപ്പ്.

India vs South Africa match sets live-streaming record prm
Author
First Published Nov 6, 2023, 1:28 AM IST

കൊൽക്കത്ത: വിരാട് കോലി റെക്കോർഡ് സെഞ്ച്വറി നേട്ടത്തിലെത്തിയപ്പോൾ കാഴ്ച്ചക്കാരുടെ എണ്ണത്തിലും റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം.  ഇന്ത്യ-പാകിസ്ഥാൻ മത്സരത്തേക്കാൾ കൂടുതൽ ആളുകൾ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കണ്ടു. ഞായറാഴ്ച നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സ് 4.4 കോടി പ്രേക്ഷകർ കണ്ടെന്ന് ഡിസ്നി വെളിപ്പെടുത്തി.

ലോക റെക്കോർഡിന് ടീം ഇന്ത്യയുടെ ആരാധകർക്ക് നന്ദിയും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ അറിയിച്ചു. ഒക്‌ടോബർ 22ന് നടന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തിന് 4.3 കോടിയായിരുന്നു വ്യൂവർഷിപ്പ്. ഈ റെക്കോർഡാണ് കഴിഞ്ഞ മത്സരത്തിൽ തകർത്തത്. ഇതിനുമുമ്പ് ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് 3.5 കോടി കാഴ്ചക്കാരെ ലഭിച്ചിരുന്നു. 

ഏകദിന കരിയറില്‍ തന്റെ 49-ാം സെഞ്ചുറിയാണ് കോലി നേടിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെ റെക്കോര്‍ഡ് പങ്കിടുകയാണ് കോലി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമാണ് താരം. പിറന്നാള്‍ ദിവസം സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമാണ് കോലി. ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലിയാണ് ആദ്യമായി പിറന്നാളിന് നൂറിലെത്തിയത്. 1993ല്‍ ഇരുപത്തിയൊന്നാം പിറന്നാള്‍ ദിനത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു കാംബ്ലിയുടെ നേട്ടം.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാര്‍ജയിലെ മണല്‍ക്കാറ്റായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഓസ്ട്രേലിയക്കെതിരെ കൊക്കക്കോള കപ്പില്‍ നേടിയ സെഞ്ചുറി ഇതിഹാസത്തിന്റെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍. പ്രായം തളര്‍ത്താത്ത പോരാളിയായി ശ്രീലങ്കന്‍ താരം സനത് ജയസൂര്യ 39ആം പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടി പട്ടികയില്‍ ഇടംപിടിച്ചു. ന്യുസിലന്‍ഡ് താരങ്ങളായ റോസ് ടെയ്ലറും ടോം ലേഥവും പിറന്നാള്‍ ദിനത്തിലെ സെഞ്ചുറിക്കാരാണ്. കോലിക്ക് മുമ്പ് പട്ടികയിലെത്തിയത് ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷായിരുന്നു. ഈ ലോകകപ്പില്‍ പാകിസ്ഥാനെതിരെയായിരുന്നു മാര്‍ഷിന്റെ തകര്‍പ്പന്‍ സെഞ്ചുറി.

Follow Us:
Download App:
  • android
  • ios