വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി അരങ്ങേറിയ രോഹിത് ശര്‍മ സെഞ്ചുറിയുമായി തിരിച്ചു കയറിയപ്പോള്‍ സ്വന്തമാക്കിയത് അപൂര്‍വ നേട്ടം. ടെസ്റ്റില്‍ മുമ്പ് മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ടെങ്കിലും അതെല്ലാം മധ്യനിരയില്‍ ബാറ്റ് ചെയ്തായിരുന്നു.

കെ എല്‍ രാഹുലിന് പകരം ഓപ്പണറായി എത്തി സെഞ്ചുറി നേടിയതിലൂടെ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും സെഞ്ചുറി നേടുന്ന ഒരേയൊരു ഇന്ത്യന്‍ ബാറ്റ്സ്മാനും ലോക ക്രിക്കറ്റിലെ എട്ടാമത്തെ താരവുമായി രോഹിത്. ഓപ്പണറെന്ന നിലയില്‍ ഏകദിനത്തില്‍ 25ഉം ടി20യില്‍ നാലും സെഞ്ചുറി നേടിയിട്ടുള്ള രോഹിത്തിന്റെ ടെസ്റ്റില്‍ ഓപ്പണറെന്ന നിലയിലുള്ള ആദ്യ സെഞ്ചുറിയാണിത്.

രോഹിത്തിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ല്‍, ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്ടില്‍, ശ്രീലങ്കയുടെ തിലകരത്നെ ദില്‍ഷന്‍, ന്യൂസിലന്‍ഡിന്റെ ബ്രെണ്ടന്‍ മക്കല്ലം, പാക്കിസ്ഥാന്റെ അഹമ്മദ് ഷെഹ്സാദ്, ഓസ്ട്രേലിയയുടെ ഷെയ്ന്‍ വാട്സണ്‍, ബംഗ്ലാദേശിന്റെ തമീം ഇക്ബാല്‍ എന്നിവരാണ് രോഹിത്തിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍. ന്യൂസിലന്‍ഡിന് മാത്രമാണ് ഈ ക്ലബ്ബില്‍ രണ്ട് ബാറ്റ്സ്മാന്‍മാരുള്ളത്.