വിശാഖപട്ടണം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ക്രിക്കറ്റ് ടെസ്റ്റിനിടെ കമന്ററി ബോക്സിലിരുന്ന ഹര്‍ഭജന്‍ സിംഗിനെ പന്തെറിയാന്‍ ക്ഷണിച്ച് രോഹിത് ശര്‍മ. ഡീന്‍ എല്‍ഗാറും ക്വിന്റണ്‍ ഡീകോക്കും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മികച്ച നിലയില്‍ എത്തിച്ചെങ്കിലും അവസാന സെഷനില്‍ അശ്വിന്‍ ഫോമിലേക്ക് എത്തിയതോടെ ദക്ഷിണാഫ്രിക്ക വീണ്ടും തകര്‍ച്ചയിലായി.

വെര്‍നോണ്‍ ഫിലാന്‍ഡറെ വീഴ്ത്തി അശ്വിന്‍ അഞ്ച് വികറ്റ് തികച്ചതിന് പിന്നാലെയുള്ള ബ്രേക്കിനിടെയാണ് രോഹിത് ഫീല്‍ഡില്‍ നിന്ന് ഹര്‍ഭജനോട് വന്ന് പന്തെറിയാന്‍ പറഞ്ഞത്. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. വരൂ ഭാജു പാ, ഗ്രൗണ്ടിലേക്ക് വരൂ, താങ്കള്‍ക്ക് ബൗള്‍ ചെയ്യാന്‍ പാകത്തില്‍ പിച്ചില്‍ വിള്ളലുകളായിട്ടുണ്ട്. വരൂ, ഞങ്ങള്‍ക്ക് വേണ്ടി പന്തെറിയൂ എന്നായിരുന്നു രോഹിത്തിന്റെ കമന്റ്.

ഈ സമയം സ്റ്റാര്‍ സ്പോര്‍ട്സിനുവേണ്ടി കമന്ററി ബോക്സിലിരുന്ന് ഹിന്ദി കമന്ററി പറയുകയായിരുന്നു ഹര്‍ഭജന്‍. ഇന്ത്യന്‍ ടീമിലും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലും ദീര്‍ഘകാലം ഒരുമിച്ച് കളിച്ചവരാണ് രോഹിത്തും ഹര്‍ഭജനും.