ലാഹോര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓപ്പണറായി അരങ്ങേറി സെഞ്ചുറിയുമായി തിളങ്ങിയ രോഹിത് ശര്‍മയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍.  രോഹിത്തിന്റെ യഥാര്‍ത്ഥ പ്രതിഭ 2103ലെ താന്‍ തിരിച്ചറിഞ്ഞിരുന്നുവെന്ന് അക്തര്‍ പറഞ്ഞു.

അന്നേ രോഹിത്തിനോട് ഞാന്‍ പറഞ്ഞിരുന്നു, പേരിന് മുമ്പ് താങ്കള്‍ ജി എന്ന അക്ഷരം കൂടി  ചേര്‍ക്കണമെന്ന്. പേര് ഗ്രേറ്റ് രോഹിത് ശര്‍മ എന്നാക്കണമെന്ന്. രോഹിത്തിന്റെ കളി കാണുമ്പോള്‍ നിസംശയം പറയാം, അയാളാണ് നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന്. ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റീവ് സ്മിത്തിന്റെയും വിരാട് കോലിയുടെയും പ്രതിഭയ്ക്ക് ഒട്ടും പിന്നിലല്ല രോഹിത്ത്.

ഭാവിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് പരമ്പരയില്‍ കളിക്കുമ്പോള്‍ രോഹിത് 1000 റണ്‍സടിക്കുമെന്നും അക്തര്‍ പ്രവചിച്ചു. ആഷസില്‍ ഇംഗ്ലണ്ടിനെതിരെ  774 റണ്‍സടിച്ച് റെക്കോര്‍ഡിട്ട ഓസീസ് താരം സ്റ്റീവ് സ്മിത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കുക രോഹിത്താവുമെന്നും അക്തര്‍ പ്രവചിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റില്‍ ആദ്യമായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത രോഹിത് 244 പന്തില്‍ 176 റണ്‍സടിച്ചാണ് പുറത്തായത്.