പതിവില്‍ നിന്ന് വ്യത്യസ്തമായി പവര്‍പ്ലേയില്‍ കരുതലോടെയാണ് ലങ്ക തുടങ്ങിയത്. ഭുവനേശ്വര്‍ കുമാറിന്‍റെയും ജസ്പ്രീത് ബുമ്രയുടെയും അദ്യ സ്പെല്ലുകളില്‍ വിക്കറ്റ് നഷ്ടമാവാതെ പിടിച്ചു നില്‍ക്കാനായിരുന്നു ലങ്കന്‍ ഓപ്പണര്‍മാരായ പാതും നിസങ്കയും ധനുഷ്ക ഗുണതിലകയും ശ്രമിച്ചത്.

ധരംശാല: പതിഞ്ഞ തുടക്കത്തിനുശേഷം അവസാന ഓവറുകളില്‍ കത്തിക്കയറിയ ബാറ്റര്‍മാരുടെ മികവില്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്ക്(India vs Sri Lanka, 2nd T20I) മികച്ച സ്കോര്‍. ടോസ് നഷ്ടമായി ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലങ്ക 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. 53 പന്തില്‍ 75 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്ക(Pathum Nissanka) ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ഗുണതിലക 38ഉം(Danushka Gunathilaka) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ദസുന്‍ ഷനക(Dasun Shanaka) 19 പന്തില്‍ 47 ഉം റണ്‍സെടുത്തു. അവസാന നാലോവറില്‍ 72 റണ്‍സാണ് ലങ്ക അടിച്ചുകൂട്ടിയത്.

തുടക്കം കരുതലോടെ

പതിവില്‍ നിന്ന് വ്യത്യസ്തമായി പവര്‍പ്ലേയില്‍ കരുതലോടെയാണ് ലങ്ക തുടങ്ങിയത്. ഭുവനേശ്വര്‍ കുമാറിന്‍റെയും ജസ്പ്രീത് ബുമ്രയുടെയും അദ്യ സ്പെല്ലുകളില്‍ വിക്കറ്റ് നഷ്ടമാവാതെ പിടിച്ചു നില്‍ക്കാനായിരുന്നു ലങ്കന്‍ ഓപ്പണര്‍മാരായ പാതും നിസങ്കയും ധനുഷ്ക ഗുണതിലകയും ശ്രമിച്ചത്.അതിലവര്‍ വിജയിക്കുകയും ചെയ്തു. ആദ്യ നാലോവറില്‍ ഒരു ബൗണ്ടറി മാത്രം അടിച്ച ലങ്ക 15 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ അഞ്ചാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെതിരെ രണ്ട് ബൗണ്ടറി നേടി ലങ്ക പതുക്കെ കുതിപ്പ് തുടങ്ങി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ചാഹലിനെതിരെ ഒരു ബൗണ്ടറി നേടിയെങ്കിലും പവര്‍ പ്ലേ കഴിയുമ്പോള്‍ ലങ്ക 32 റണ്‍സ് മാത്രമായിരുന്നു നേടിയത്.

പവര്‍പ്ലേക്ക് പിന്നാലെ ഗിയര്‍ മാറ്റി

പവര്‍ പ്ലേക്ക് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രവീന്ദ്രഹ ജഡേജയെ പന്തെറിയാന്‍ വിളിച്ചതോടെ ലങ്കന്‍ ഓപ്പണര്‍മാര്‍ ഗിയര്‍ മാറ്റി. ജഡേജയുടെ ആദ്യ ഓവറില്‍ 9 റണ്‍സടിച്ച ഇരുവരും ചാഹലിന്‍റെ അടുത്ത ഓവറില്‍ 10 റണ്‍സടിച്ചു. ജഡേജ എറിഞ്ഞ ഒമ്പതാം ഓവറിലെ ആദ്യ നാലു പന്തില്‍ രണ്ട് സിക്സും ഒരു ബൗണ്ടറിയുമടക്കം 16 റണ്‍സടിച്ച ഗുണതിലകയെ അതേ ഓവറിലെ നാലാം പന്തില്‍ വെങ്കടേഷ് അയ്യരുടെ കൈകകലിലെത്തിച്ച് ജഡേജ പ്രതികാരം തീര്‍ത്തു. 29 പന്തില്‍ 38 റണ്‍സായിരുന്നു ഗുണതിലകയുടെ സംഭാവന. ഓപ്പണിംഗ് വിക്കറ്റില്‍ ഗുണതിലകയും നിസങ്കയും ചേര്‍ന്ന് 67 റണ്‍സടിച്ചു.

നടുവൊടിച്ച് ചാഹലും പട്ടേലും

ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ ലങ്കയുടെ തകര്‍ച്ച തുടങ്ങി. ഗുണതിലക മടങ്ങിയതിന് പിന്നാലെ ചരിത് അസലങ്കയെ(2) ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടടുത്ത ഓവറില്‍ കാമില്‍ മിഷാറയെ(1) ശ്രേയസ് അയ്യരുടെ കൈകകളിലെത്തിച്ച് ഹര്‍ഷലും വിക്കറ്റ് വേട്ട തുടങ്ങിയതോടെ ലങ്കയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു.

അവസാനം കത്തിക്കയറി ലങ്ക

പതിനാറാം ഓവറ്‍ പൂര്‍ത്തിയായപ്പോള്‍ ലങ്ക 111-4 എന്ന സ്കോറിലായിരുന്നു. എന്നാല്‍ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ 19ഉം ബുമ്ര എറിഞ്ഞ പതിനെട്ടാം ഓവറില്‍ 14ഉം റണ്‍സടിച്ച ഷനകയും നിസങ്കയും ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 16 റണ്‍സ് അടിച്ചു കൂട്ടി. പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ നിസങ്കയെ നഷ്ടമായെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ ഇരുപതാം ഓവറില്‍ ഷനക രണ്ട് സിക്സും രണ്ട് ഫോറും സഹിതം 23 റണ്‍സ് അടിച്ചുകൂട്ടി ലങ്കയെ 183ല്‍ എത്തിച്ചു. 19 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്സും പറത്തിയ ഷനകയും കരുണരത്നെയും(0) പുറത്താകാതെ നിന്നു. ഇന്ത്യക്കായി നാലോവറില്‍ 24 റണ്‍സിന് ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്ര മാത്രമാണ് ബൗളിംഗില്‍ തിളങ്ങിയത്. ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 52 റണ്‍സ് വഴങ്ങിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 36ഉം, ജഡേജ നാലോവറില്‍ 37ഉം ചാഹല്‍ നാലോവറില്‍ 27ഉം റണ്‍സ് വഴങ്ങി ഓരോ വിക്കറ്റെടുത്തു.