പുണെ: ഇന്ത്യ- ശ്രീലങ്ക ട്വന്‍റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ പുണെയിൽ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. നാളെ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഗുവാഹത്തിയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ പരമ്പര നഷ്ടമാവാതിരിക്കാൻ ശ്രീലങ്കയ്‌ക്ക് ജയം അനിവാര്യമാണ്. 

നടുവിന് പരുക്കേറ്റ ഓൾറൗണ്ടർ ഇസുരു ഉഡാന കളിക്കാത്തത് ലങ്കയ്‌ക്ക് തിരിച്ചടിയാവും. ഇന്‍ഡോറില്‍ രണ്ടാം മത്സരത്തിനിടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന് തൊട്ടുമുന്‍പ് പരിശീലനം നടത്തുമ്പോഴാണ് താരത്തിന് പരിക്കേറ്റത്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയില്‍ മാത്രമേ താരത്തിന് കളിക്കാനാകൂ എന്ന് ലങ്കന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

നിർണായക മത്സരമായതിനാൽ ഇന്ത്യ ടീമിൽ മാറ്റം വരുത്താനിടയില്ല. ഇതുകൊണ്ടുതന്നെ മലയാളി താരം സഞ്ജു സാംസണ് നാളെയും പുറത്തിരിക്കേണ്ടിവരും. ഇന്‍ഡോറില്‍ നവ്ദീപ് സൈനിയും, ഷാര്‍ദുല്‍ ഠാക്കൂറും അടക്കമുള്ള ബൗളര്‍മാര്‍ മികവിലേക്കുയര്‍ന്നത് കോലിക്ക് പ്രതീക്ഷ നല്‍കുന്നു. ബാറ്റിംഗില്‍ കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, വിരാട് കോലി എന്നിവരും ഫോമിലാണ്. 

ഇൻഡോറിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ലങ്കയുടെ 142 റൺസ് 15 പന്ത് ശേഷിക്കേയാണ് ഇന്ത്യ മറികടന്നത്. കെ എല്‍ രാഹുലും(32 പന്തില്‍ 45), ശിഖര്‍ ധവാനും(29 പന്തില്‍ 32), ശ്രേയസ് അയ്യരും(26 പന്തില്‍ 34), വിരാട് കോലിയും(17 പന്തില്‍ 30) ഇന്ത്യന്‍ ജയം അനായാസമാക്കി. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും രണ്ട് ക്യാച്ചുമെടുത്ത പേസര്‍ നവ്ദീപ് സൈനിയാണ് മാന്‍ ഓഫ് ദ് മാച്ച്.