Asianet News MalayalamAsianet News Malayalam

ഉമ്രാന്‍ മാലിക്ക് എറിഞ്ഞത് വേഗമേറിയ പന്തോ?, ആശയക്കുഴപ്പം തുടരുന്നു; റെക്കോര്‍ഡ് നഷ്ടമായേക്കും

മത്സരത്തിന്‍റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ് ഹിന്ദി കമന്‍ററിയുള്ള സംപ്രേഷണത്തില്‍ പന്തിന്‍റെ വേഗം 156 എന്നാണ് സ്പീഡ് ഗണ്ണില്‍ രേഖപ്പെടുത്തിയതെന്ന് സ്ക്രീനില്‍ കാണിച്ചു.

India vs Sri Lanka: confusion over Umran Malik's fastest ball by an Indian
Author
First Published Jan 11, 2023, 1:22 PM IST

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഉമ്രാന്‍ മാലിക് എറിഞ്ഞ വേഗമേറിയ പന്തില്‍ ആശയക്കുഴപ്പം. ഇന്നലെ ശ്രീലങ്കക്കെതിരെ 156 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ഉമ്രാന്‍ ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളറുടെ വേഗമേറിയ പന്തെറിഞ്ഞ് തന്‍റെ തന്നെ റെക്കോര്‍ഡ് തിരുത്തിയിരുന്നു. പവര്‍ പ്ലേക്ക് ശേഷം പന്തെറിയാനെത്തിയ ഉമ്രാന്‍ ശ്രീലങ്കന്‍ ഇന്നിംഗ്സിലെ പതിനാലാം ഓവറില്‍ ചരിത് അസലങ്കക്കെതിരെ ആയിരുന്നു156 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ്.

മത്സരത്തിന്‍റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ് ഹിന്ദി കമന്‍ററിയുള്ള സംപ്രേഷണത്തില്‍ പന്തിന്‍റെ വേഗം 156 എന്നാണ് സ്പീഡ് ഗണ്ണില്‍ രേഖപ്പെടുത്തിയതെന്ന് സ്ക്രീനില്‍ കാണിച്ചു. എന്നാല്‍ മത്സരത്തിന്‍റെ ഇംഗ്ലീഷ് കമന്‍ററിയുള്ള സംപ്രേഷണത്തില്‍ ഇതേ പന്തിന്‍റെ വേഗമായി സ്ക്രീനില്‍ കാണിച്ചതാകട്ടെ 145.7 മാത്രമാണ്. ഇതാണ് ആശയക്കുഴപ്പത്തിന് കാരണം. സ്പീഡ് ഗണ്ണില്‍ രേഖപ്പെടുത്തിയ പന്തിന്‍റെ യഥാര്‍ത്ഥ വേഗമല്ല സ്ക്രീനില്‍ കാണിച്ചതെന്നാണ് ഇതില്‍ നിന്ന് മനസിലാക്കുന്നത്.

മഹത്തായ തീരുമാനം! ഷനകയെ ബാറ്റ് ചെയ്യാന്‍ അനുവദിച്ച രോഹിത്തിനെ പുകഴ്ത്തി ശ്രീലങ്കന്‍ ഇതിഹാസങ്ങള്‍

 

അങ്ങനെ വന്നാല്‍ വേഗമേറിയ പന്തെന്ന റെക്കോര്‍ഡ് ഉമ്രാന്‍റെ ഇന്നലത്തെ പന്തിന് നഷ്ടമാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ടി20 ക്രിക്കറ്റില്‍ 155 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഉമ്രാന്‍ ടി20 ക്രിക്കറ്റിലെ ഇന്ത്യക്കാരന്‍റെ വേഗമേറിയ പന്തിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഇതോടെ ഏകദിനത്തിലും ടി20യിലും ഐപിഎല്ലിലും ഇന്ത്യക്കാരന്‍റെ വേഗമേറിയ പന്തിന്‍റെ റെക്കോര്‍ഡ് ഉമ്രാന്‍റെ പേരിലായി.മുംബൈ ഇന്ത്യന്‍സിനെിരെ എറിഞ്ഞ 157 കിലോ മീറ്റര്‍ വേഗത്തിലുള്ള പന്താണ്  ഐപിഎല്ലില്‍ ഉമ്രാന്‍റെ വേഗമേറിയ പന്ത്.

ശ്രീലങ്കക്കെതിരെ എട്ടോവര്‍ പന്തെറിഞ്ഞ ഉമ്രാന്‍ 57 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തിരുന്നു. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയത് ഉമ്രാനാണ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ഏകദിനങ്ങളിലും ഉമ്രാന്‍ മുന്നിലെത്തുമെന്നാണ് കരുതുന്നത്.

Follow Us:
Download App:
  • android
  • ios