Asianet News MalayalamAsianet News Malayalam

രാഹുല്‍, ധവാന്‍ തിളങ്ങി, സഞ്ജുവിന് നിരാശ; ഇന്ത്യക്കെതിരെ ലങ്കക്ക് 202 റണ്‍സ് വിജയലക്ഷ്യം

സണ്ഡകന്റെ പന്തില്‍ ധവാന്‍ പുറത്തായപ്പോഴെ സ‍ഞ്ജു ക്രീസിലെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. ആരാധകരുടെ പ്രതീക്ഷ അസ്ഥാനത്തായില്ല. വണ്‍ ഡൗണായി ക്രീസിലെത്തിയത് സഞ്ജു തന്നെ. സണ്ഡകന്റെ ആദ്യ പന്ത് തന്നെ ലോംഗ് ഓഫിന് മുകളിലൂടെ സിക്സറിന് പറത്തിയ സഞ്ജുവിന്റെ പ്രകടനം കണ്ട് ക്യാപ്റ്റന്‍ വിരാട് കോലി പോലും എഴുന്നേറ്റ് നിന്ന് കൈയടിച്ചു

India vs Sri Lanka India set 202 runs target for Sri Lanka
Author
Pune, First Published Jan 10, 2020, 8:44 PM IST

പുനെ: കെ എല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയ വെടിക്കെട്ട് തുടക്കം മുതലാക്കാനായില്ലെങ്കിലും ശ്രീലങ്കക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ശ്രീലങ്കക്ക് 202 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. 36 പന്തില്‍ 54 റണ്‍സെടുത്ത രാഹുലും 36 പന്തില്‍ 52 റണ്‍സെടുത്ത ധവാനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 11 ഓവറില്‍ 97 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷര്‍ദ്ദുല്‍ ഠാക്കൂറും(8 പന്തില്‍ 22 നോട്ടൗട്ട്), മനീഷ് പാണ്ഡെയും(18 പന്തില്‍ 31 നോട്ടൗട്ട്) ചേര്‍ന്നാണ് ഇന്ത്യയെ 200 കടത്തിയത്.

സഞ്ജുവിന്റെ ഒന്നൊന്നര വരവ്

സണ്ഡകന്റെ പന്തില്‍ ധവാന്‍ പുറത്തായപ്പോഴെ സ‍ഞ്ജു ക്രീസിലെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. ആരാധകരുടെ പ്രതീക്ഷ അസ്ഥാനത്തായില്ല. വണ്‍ ഡൗണായി ക്രീസിലെത്തിയത് സഞ്ജു തന്നെ. സണ്ഡകന്റെ ആദ്യ പന്ത് തന്നെ ലോംഗ് ഓഫിന് മുകളിലൂടെ സിക്സറിന് പറത്തിയ സഞ്ജുവിന്റെ പ്രകടനം കണ്ട് ക്യാപ്റ്റന്‍ വിരാട് കോലി പോലും എഴുന്നേറ്റ് നിന്ന് കൈയടിച്ചു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹസരങ്കെയുടെ ഗൂഗ്ലി മനസിലാക്കുന്നതില്‍ പിഴച്ച സഞ്ജു നേരിട്ട രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായത് നിരാശയായി.

തിരിച്ചടിച്ച് ലങ്ക

സഞ്ജുവിനും ധവാനും പിന്നാലെ നിലയുറപ്പിച്ച രാഹുലിനെയും ശ്രേയസ് അയ്യരെയും(4) മടക്കി ലങ്ക തിരിച്ചടിച്ചു. ആറാമനായി എത്തിയ ക്യാപ്റ്റന്‍ വിരാട് കോലി 17 പന്തില്‍ 26 റണ്‍സെടുത്ത് സ്കോറിംഗ് വേഗം കൂട്ടിയെങ്കിലും റണ്ണൗട്ടായി. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറും(0) നേരിട്ട ആദ്യ പന്തില്‍ വീണെങ്കിലും മനീഷ് പാണ്ഡെയുടെയും ഷര്‍ദ്ദുല്‍ ഠാക്കൂറിന്റെയും തകര്‍പ്പനടികള്‍ ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചു. ലങ്കക്കായി  സണ്ഡകന്‍ മൂന്നും ഹസരങ്കയും കുമാരയും ഓരോ വികറ്റുകളും വീഴ്ത്തി.

മൂന്നാം മത്സരത്തില്‍ മുഖം മാറി ഇന്ത്യ

കാത്തിരിപ്പിനൊടുവില്‍ മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ഋഷഭ് പന്തിന് പകരം സഞ്ജു ടീമിലെത്തിയപ്പോള്‍ കുല്‍ദീപിന് പകരം യൂസ്‌വേന്ദ്ര ചാഹലും ശിവം ദുബെയ്ക്ക് പകരം മനീഷ് പാണ്ഡെയും ടീമിലെത്തി.

ലങ്കന്‍ പേസര്‍ ഇസുരു ഉഡാന പരിക്ക് കാരണം ഇന്ന് കളിക്കുന്നില്ല. എന്നാല്‍ എയ്ഞ്ചലോ മാത്യൂസ്, ലക്ഷന്‍ സന്ധാകന്‍ എന്നിവര്‍ ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒരു മത്സരം ജയിച്ച് മുന്നിലാണ്. ഗുവാഹത്തിയിലെ ആദ്യ മത്സരം മഴ മുടക്കിയപ്പോള്‍ ഇന്‍ഡോറില്‍ നടന്ന രണ്ടാം മത്സത്തില്‍ ഇന്ത്യ ജയിക്കുകയായിരുന്നു. പുനെയില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്്റ്റന്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാകൂര്‍,  ചാഹല്‍, ജസ്പ്രീത് ബുമ്ര, നവ്ദീപ് സൈനി.

Follow Us:
Download App:
  • android
  • ios