ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20ക്കിടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന് തൊട്ടുമുന്‍പ് പരിശീലനം നടത്തുമ്പോഴാണ് താരത്തിന് പരിക്കേറ്റത്
ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ മൂന്നാം ടി20ക്ക് മുന്‍പ് ശ്രീലങ്കയ്‌ക്ക് തിരിച്ചടിയായി സ്റ്റാര്‍ പേസറുടെ പരിക്ക്. പരിക്കേറ്റ ഇസുരു ഉഡാന മൂന്നാം ടി20യില്‍ കളിക്കില്ലെന്ന് ലങ്കന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍ അറിയിച്ചു. ഇന്‍ഡോറില്‍ നടന്ന രണ്ടാം മത്സരത്തിനിടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന് തൊട്ടുമുന്‍പ് പരിശീലനം നടത്തുമ്പോഴാണ് താരത്തിന് പരിക്കേറ്റത്.
'ഞാന്‍ ഡോക്‌ടറല്ല, എങ്കിലും ഡ്രസിംഗ് റൂമില്‍ വെച്ച് ഉഡാനയെ കണ്ടു. കടുത്ത വേദനയുണ്ട് താരത്തിന്. എന്താണ് കൃത്യമായ പ്രശ്‌നമെന്ന് തനിക്കറിയില്ല. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയില്‍ മാത്രമേ താരത്തിന്‍റെ സേവനം പ്രതീക്ഷിക്കാനാവൂ. ഉഡാനയുടെ നടുവിനാണ് പരിക്കേറ്റത്. വേഗം സുഖംപ്രാപിക്കാന്‍ ആശംസകള്‍ നേരുന്നതായും' മിക്കി ആര്‍തര്‍ ഇന്‍ഡോറില്‍ രണ്ടാം ടി20ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഗുവാഹത്തിയിലെ ആദ്യ ടി20 മഴമൂലം മുടങ്ങിയപ്പോള്‍ രണ്ടാം മത്സരം വിജയിച്ച് ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നിര്‍ണായക അവസാന ടി20യില്‍ ഇസുരു ഉഡാനയ്‌ക്ക് കളിക്കാനാകാത്തത് ലങ്കയ്‌ക്ക് വലിയ തിരിച്ചടിയാണ്. പുണെയിൽ വെള്ളിയാഴ്‌ചയാണ് അവസാന ടി20 അരങ്ങേറുക.
ഇന്‍ഡോര്‍ ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു കോലിപ്പടയുടെ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 143 റൺസ് വിജയലക്ഷ്യം 15 പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. കെ എല്‍ രാഹുലും(32 പന്തില്‍ 45), ശിഖര്‍ ധവാനും(29 പന്തില്‍ 32), ശ്രേയസ് അയ്യരും(26 പന്തില്‍ 34), വിരാട് കോലിയും(17 പന്തില്‍ 30) ഇന്ത്യന്‍ ജയം അനായാസമാക്കി. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും രണ്ട് ക്യാച്ചുമെടുത്ത പേസര്‍ നവ്ദീപ് സൈനിയാണ് മാന്‍ ഓഫ് ദ് മാച്ച്.
